Image

ബലിപുരാണം - 3

മൂന്നടി

വര - പി.കെ.ശ്രീനിവാസൻ

 

മലനാട് പ്രീമിയർ ക്രിക്കറ്റ് ലീഗ് ആണ് കുറെനാളായി ബലിയുടെ ഉറക്കംകെടുത്തിക്കൊണ്ടിരുന്നത്.   മാലോകരെയെല്ലാം ഒരുപോലെ ഉലക്കകൊണ്ടടിച്ച് നേരെചൊവ്വേ വളർത്തിയിട്ടും,  കോഴിക്കു കോഴിയും താറാവിന് താറാവും, റേഷൻകടയിലൂടെ കുത്തരിച്ചോറും മണ്ണെണ്ണയും നല്ല പനംചക്കരയും, മാവേലിസ്റ്റോറിലൂടെ ജൈവപച്ചക്കറിയും വിതരണംചെയ്തിട്ടും പ്രജകൾ സന്തുഷ്ടരായില്ല. അവർ വീര്യംകൂടിയ മദ്യവും ഉടുമുണ്ടൂരിയ പെണ്ണുങ്ങളും നഗ്നനൃത്തവും അശ്ളീലസാഹിത്യവും ലഹരിക്ക്‌കഞ്ചാവും സൈക്കഡലിക് അനുഭവങ്ങൾക്കായി കൂടിയഇനം മഞ്ഞുകാലകൂണുകളും ആണുംപെണ്ണും ഇടകലർന്നാടുന്ന നിശാക്ലബ്ബുകളും മൗലികഅവകാശങ്ങൾ ആക്കണം എന്ന് ഉച്ചചർച്ചകളിൽ ആഗ്രഹം പ്രകടിപ്പിച്ചു.
 
ബലിയുടെ ചാരന്മാർ അപ്പപ്പോൾ അതെല്ലാം ചെവിയിൽ എത്തിച്ചു.  മാവേലി ആധിപത്യത്തിന്റെ നിലനിൽപ്പിനു കൺകെട്ടും കത്തിയേറും കവലനാടകകളരികളും പോരെന്നു ബലിക്ക് മനസ്സിലായി.  ചരിത്രത്തിലെ ഓരോ കാലഘട്ടവും ഏതോ ഒരു പുതിയ സാംസ്കാരിക വിനോദത്തിന്റെ ഉദയത്തിനായി കാത്തിരിക്കാറുണ്ട്. അങ്ങനെയാണ് മാത്തച്ചന്റെ പ്രൊജക്റ്റ് പ്രൊപ്പോസലിന് ബലി പച്ചക്കൊടി കാണിച്ചത്. മാത്തച്ചന്റെ ഒപ്പം അടിമയെപ്പോലെ മെരുങ്ങിഒതുങ്ങി നിന്ന യോഹന്നാൻചേട്ടയെ ബലി മനക്കണ്ണുകൊണ്ട് അളക്കുകയും ചെയ്തു.
 
തുളസിയും ചെത്തിപ്പൂവും ഇടിച്ചുപിഴിഞ്ഞ് നീരാക്കി ആവണക്കെണ്ണയിലും വിളക്കുകരിയിലും നേർപ്പിച്ചെടുത്ത കണ്മഷി കൊണ്ട് കണ്ണെഴുതി, ചുമലോളം നീണ്ടുകിടന്ന മുടി ഇരുവശത്തും വിരിച്ചിച്ച് മീശപിരിച്ച്, ഉറച്ച ഇടംനെഞ്ചിലൊരു തുടിതുടിച്ച്, ഒന്ന് മുന്നോട്ടാഞ്ഞ് വലംകൈ കൊണ്ട് തുടയിൽ താളമിട്ട് ബലി ഒന്നു പാളിനോക്കിയപ്പോൾ യോഹന്നാൻ നഖമുന കൊണ്ട് കണക്കുക്ളാസിൽ പോലും വരക്കാത്തത്ര വൃത്തങ്ങൾ നടുത്തളത്തിൽ വരച്ചുവച്ചു.   
കളരിക്ക് പുറത്ത് ദേഹമാസകലം എണ്ണയിട്ട് തടവി, സീസൺ ചെയ്ത ബാറ്റ് തിരിച്ചുംമറിച്ചും നോക്കി ഒരു അഭ്യാസിയെപ്പോലെ കയ്യിലിട്ടു കറക്കി അസ്വസ്ഥനായി അങ്ങോട്ടുംഇങ്ങോട്ടും നടക്കുകയായിരുന്നു ബലി. അപ്പോഴാണ് ഇരുളിൽ നിഴലനങ്ങിയത്. ചാരന്മാരെ അവരുടെ ശരീരത്തിന്റെ ഗന്ധം കൊണ്ടു തന്നെ ബലിക്ക് തിരിച്ചറിയാനാകും.  വെറും ചാരനല്ല,  അൽപം കൂടിയ സമുദായബന്ധമുള്ള ആളാണെന്നു ബലി തിരിച്ചറിഞ്ഞു.  അയാൾ അതോർത്തു തെല്ലൊന്നു മന്ദഹസിച്ചു.  ഇരുളിൽ നിന്നും പുറത്തുവന്നത് യോഹന്നാൻ ചേട്ടയായിരുന്നു.  ഒരു ചാരന്റെ ഭാവഹാവാദികളോടെ അയാൾ ബലിയെ വന്ദിച്ചു.  ബലിയുടെ ചെവിയിൽ, മൂന്നടി വച്ച് ഈയം ഒരുക്കി ഒഴിക്കാനായി പുറപ്പെട്ട വാമനവേഷധാരിയെ കുറിച്ചുള്ള ചാരസന്ദേശം വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ട ശേഷം ബലി കുശലം ചോദിച്ചു.
 
"ഈശോമിശിഹായ്ക്ക്  . സ്തുതിയായിരിക്കട്ടെ.  സൗഖ്യം അല്ലവാ?"
 
മാത്തച്ചന് അറിയില്ലായിരുന്നു എങ്കിലും യോഹന്നാൻ ചേട്ടയ്ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.  ലിബറലും മാത്തച്ചനും ദേവഗണങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ വാമനപുത്രസൃഷ്ടിക്കായി മൈഥുനവൃത്തിയിൽ ഏർപ്പെട്ടു കൊണ്ടിരുന്നപ്പോൾ, യോഹന്നാന്റെ അടിമമനസ്സിൽ പതിയിരുന്ന പ്രപിതാക്കന്മാർ കുരവയിട്ട് വിമോചനത്തിന്റെ സന്ദേശവാഹകനായി അവനെ ഉണർത്തി. അപ്പച്ചന്റെ പ്രാർത്ഥനാഗീതങ്ങളിലൂടെ അയാൾ തന്റെ ചരിത്രപരമായ ദൗത്യം തിരിച്ചറിഞ്ഞു. വെങ്ങാനൂര് നിന്നും അങ്ങ് മലബാറിലേക്ക് ഊടുവഴികളും പൊന്തക്കാടുകളും അരുവികളും കാട്ടാറും കൊടുംകാറ്റും കാൽനടയായി താണ്ടിയ കാളിഅയ്യനെ യോഹന്നാൻ സ്വപ്നം കണ്ടു.  ജാതിപാരമ്പര്യങ്ങളുടെ തീണ്ടലും തൊടീലും പ്രാർത്ഥനയുടെ ബലത്തിൽ മറികടന്ന് മലനാടിന്റെ അധിപനെ തേടി ഒരുനാൾ യോഹന്നാൻ ചെന്നു. മാത്തച്ചൻ മലനാട് പ്രീമിയർ ക്രിക്കറ്റ്ലീഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു അവരുടെ കൂടിക്കാഴ്ച. മടക്കത്തില് മേൽമുണ്ടും ഒന്നൊര ഉറുപ്പികയും മലനാടിന്റെ ആസ്ഥാനചിഹ്നം കൊത്തിയ ഫലകവും പാരിതോഷികമായി ബലി കൊടുത്തയച്ചു. പ്രത്യേകം കാണാനുള്ള അനുമതിയും അനുവദിച്ചുകൊടുത്തു.

അടുത്ത ദിവസം മുതൽ മലനാടിനെ കോൾമയിർ കൊള്ളിച്ചുകൊണ്ട് പ്രീമിയർ ക്രിക്കറ്റ്ലീഗിന് തുടക്കമായി. വാമനന്റെ സംഘം വിജയക്കൊടി പാറിച്ച് മുന്നേറിയപ്പോൾ ചരിത്രത്തിൽ അവതരിക്കേണ്ട സമയമായിരിക്കുന്നു എന്ന് ബലിക്ക് ഉൾവിളിയുണ്ടായി.
 
പൊരിഞ്ഞ പോരാട്ടം ആയിരുന്നു.  സൂര്യതാപം ഏൽക്കാൻ തുടങ്ങിയതു മുതൽ സമാരംഭിച്ച കൊടുംയുദ്ധം.  ഒടുക്കം അവസാന പന്തിൽ ആറ്‌ റൺസ് ആയി വിജയലക്‌ഷ്യം.  ഒരു ഓവറിൽ ആറിൽ ആറും പറത്തി വിജയശ്രീലാളിതനായി നിൽക്കുന്ന അവതാരരൂപമാണ് ക്രീസിൽ.  സാക്ഷാൽ വാമനരൂപി. ഗ്യാലറിയിൽ ജയാരവങ്ങൾ ഉയർന്നു.
 
"വന്ദേഹരേജയാജയാ ..."
 
'സച്ചിൻ, സച്ചിൻ'  എന്ന് വിളിച്ചാർക്കുന്ന പോലെ ഏകകണ്ഠമായിരുന്നു ആ ദേശീയ ആരവം.  കാറ്റിൽ അത് പടർന്ന് ഇരുണ്ട ആകാശമാകെ സായംസന്ധ്യയുടെ പൂമ്പൊടി വിതറി.  ഫ്ളഡ് ലൈറ്റിൽ കുടുങ്ങിക്കിടന്ന ഈയാംപാറ്റകളുടെ മുരൾച്ച ക്രീസ് വരെ നീണ്ടുചെന്നു. പക്ഷെ വാമനരൂപിയെ അതൊന്നും ബാധിച്ചതേയില്ല. വാമനാവതാരഉദ്ദേശ്യസാധ്യത്തിനായി അയാൾ തന്നെത്തന്നെ സജ്ജനാക്കിയിരുന്നു.   
 
ശത്രുസംഹാരത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വേണ്ടിയാണ് കളത്തിലിറങ്ങിത്. കോലോത്തുംന്ന് നേരിട്ടുള്ള അവതാരം ആണെന്നാണ് ചിറ്റൂർ മനയ്ക്കൽ നിന്നും പ്രത്യേക പല്ലക്കിൽ ഏറ്റിക്കൊണ്ടുവന്ന തമ്പ്രാൻ കമന്ററി പറഞ്ഞത്.
 
കയ്യിൽ കോവിലിൽ പൂജിച്ച് ഭസ്മം തൊട്ടനുഗ്രഹിച്ച ബാറ്റ്, കാലിൽ തിരുപ്പതി ദേവന് നിവേദിച്ച പാഡ്, അരയിൽ മുറപോലെ കച്ച, വിരിമാറിൽ ധർമ്മസംരക്ഷണാർത്ഥം ജപിച്ചു ഉപനയിച്ച് അണിഞ്ഞ, പൂർവ്വജന്മസുകൃതങ്ങളുടെ പുണ്യം മണക്കുന്ന പൂണൂൽ.  പന്തെറിഞ്ഞ അസുരനെ കണ്ണുരുട്ടിക്കാണിച്ച്, വലംകാൽ ഇടത്തോട്ടു വച്ച് പിന്നിലേക്കൊന്ന് ചവിട്ടിമാറി, ഇടംകാലിൽ മൂന്നടി മുന്നോട്ട് കുതിച്ച വിശ്വരൂപധാരിയായ മഹാധോനിയെ മനസ്സിൽ ധ്യാനിച്ച്, ബാറ്റ് ഹെലികോപ്റ്റർ പോലെ വട്ടംകറക്കി ഒരു മന്ത്രോച്ചാരണം. പന്ത് ലോഗ്ഓണിനു മുകളിലൂടെ പുറത്തേക്ക്.
ഗ്യാലറിയിൽ ഓംകാര കാഹളം ഉയരുമ്പോൾ ബാറ്റുയർത്തി രോമാവൃതമായ  56  ഇഞ്ചുള്ള നെഞ്ച് വിരിച്ച്, ഗീതോപദേശസന്നദ്ധനായ ശ്രീകൃഷ്ണഭഗവാനായി പ്രകാശം ചൊരിഞ്ഞുനിൽക്കണം.  അതായിരുന്നു നൂറ്റാണ്ടുകളായുള്ള മോഹം.


അപ്പോഴാണ് ബൗണ്ടറിലൈനിനു അരികിൽ ബലി അവതരിച്ചത്. കാട്ടാളൻ.   കാളമാംസം തിന്നുകൊഴുത്ത്,  കൊടുംമീശപിരിച്ച്, കാട്ടറബിയുടെ കൂർത്ത നോട്ടവുമായി അവൻ ബൗണ്ടറിയിൽ കുത്തനെ നിന്നു.  ബലി. മഹാബലവാനായ മഹാബലിയെന്ന് മനസ്സ് ഒരു നടുങ്ങലോടെ മന്ത്രിച്ചു.  
ബൗണ്ടറിലൈനിനോട് തൊട്ടുതൊട്ടില്ല എന്ന ഗണിത സമവാക്യത്തിൽ നിന്ന് ഒരൊറ്റ തിരിച്ചിലിൽ ബലി വായുവിൽ പൊങ്ങിയുയർന്നു.  മൂന്നടി.  മൂന്നടി ഉയരത്തിൽ ചാടിയുയർന്ന്, കറുത്തുനീണ്ട ബലിഷ്ടമായ കരങ്ങൾ മരച്ചില്ല പോലെ വളർത്തി അയാൾ ഗ്യാലറിക്ക് മുന്നിലൊരു പച്ചമേലാപ്പായി. ഗോൾമുഖത്ത് വായുവിൽ നൃത്തംവച്ചുയരുന്ന ഫുട്ബോൾ മാന്ത്രികൻ പെലെയെപ്പോലെ ഉയർന്ന്ചാടി, മറഡോണയുടെ ദൈവത്തിന്റെ കരങ്ങളായി അകലങ്ങളിലേക്ക് കൈനീട്ടി ബലി പറന്നു. രക്തം കിനിഞ്ഞിറങ്ങി കട്ടപിടിച്ച ആ വിരലുകളിൽ ബലിത്തറകളുടെ പശിമ നിറഞ്ഞു.
ഗ്യാലറിയുടെ ചങ്ക്പിളർക്കാൻ കൊതിച്ച് വായുവിൽ കറങ്ങിക്കുതിച്ച ചതുഷ്പാളികൾ തുന്നലിട്ട തുകൽപ്പന്ത് ഒരു നിമിഷം ഞെട്ടിത്തരിച്ചു. ബലിത്തറയുടെ ഓർമ്മകൾ തിങ്ങിവിങ്ങിയ ബലിയുടെ ബലിഷ്ടകരങ്ങളിൽ പന്തിന്റെ കറക്കം നിന്നു.  ഓംകാരം നിലച്ചു.
 
"ഹൗസാറ്റ് ?!"
 
അസുരകുലത്തിന്റെ അന്ത്യംകുറിക്കാനുള്ള സുദർശനചക്രം പോലെ അവതാരപരവേശം ചരിത്രത്തിലൂടെ കറങ്ങിപ്പറന്ന ചോരമണക്കുന്ന ആ തുകൽപ്പന്ത് ബലിയിൽ ഞെരുങ്ങിയൊടുങ്ങി. ഗ്യാലറിയിൽ അപ്പോൾ ആദ്യമായി മഹാബലിക്കു വേണ്ടി ആർപ്പുവിളികളുയർന്നു.
 
"ആർപ്പോ,  ഇർർറോ ഇർർറോ...."
 
ആ ആരവത്തിൽ വാമനവേഷധാരിയായ ലിബറൽപുത്രൻ ദിവംഗതനായി.
അന്ന് ശ്രാവണത്തിലെ തിരുവോണം ആയിരുന്നു. പ്രജകൾ പൂക്കളമിട്ട്,  ദീപങ്ങളാൽ വീടലങ്കരിച്ച് ആ വിജയത്തെ വസന്തോത്സവം ആയി കൊണ്ടാടി.
 
വിജയാഘോഷമേളത്തിനു ശേഷം നിശാപാർട്ടിക്ക് എത്തിയ ബലി വിജയോന്മത്തനായി കാണപ്പെട്ടു. ഇടംവലം ലങ്കൻസുന്ദരികൾ അരക്കെട്ടിളക്കി നൃത്തം വെച്ചു. അറേബ്യയിൽ നിന്നും വന്ന പേർഷ്യൻ സുന്ദരിയുടെ ബെല്ലിഡാൻസിനു ശേഷം, മലനാട്ടിലെ ശൂദ്രപെണ്ണുങ്ങളുടെ കുമ്മികളിയും നടന്നു. കൂർത്ത മുലകൾ മറയ്ക്കാതെ,  അരയിൽ ഒരു കസവുമുണ്ടു മാത്രം ചുറ്റി, അവർ വട്ടത്തിൽ നിന്ന് അരയിളക്കി;  മുലകളുടെ സംത്രാസത്തിൽ ബലിയുടെ കൊട്ടാരഅകത്തളങ്ങൾ വിറകൊണ്ടു.
പ്രത്യേകം ചെത്തിയിറക്കിയ പനങ്കള്ളാണ് അന്ന് രാത്രി വിളമ്പിയത്.  ബലിയെ ആനന്ദിപ്പിക്കാൻ തായ്നാട്ടിൽ നിന്നും വന്നെത്തിയ നാഗസുന്ദരി സർപ്പതാളത്തിൽ പുളഞ്ഞു. കുടുമയിൽ രുദ്രാക്ഷം കെട്ടിയ, വെളുത്തുകൊഴുത്ത ഒരു റഷ്യൻസുന്ദരിയിൽ ഒടുക്കം ബലി തളർന്നുവീണു. മാസങ്ങൾ നീണ്ട ബ്രഹ്മചര്യസപര്യയിലൂടെ ആർജ്ജിച്ച തപോശക്തിയെല്ലാം സ്ഖലിച്ചുണങ്ങി അർദ്ധനഗ്നനായി ബലി നിലത്ത് വീണുകിടന്നു.
രാത്രിയുടെ അന്ത്യയാമം. ബലിയുടെ കൊട്ടാരഅങ്കണത്തിനു പുറത്ത് വളകിലുക്കം പോലെ ഒരു ബുള്ളറ്റ് വന്നുനിന്നു. മദ്യലഹരിയിൽ മതിമറന്നു ഉറങ്ങിയ അസുരഗണം ഒരു വണ്ടിന്റെ മുരൾച്ചയായി അത് സ്വപ്നം കണ്ടു. ശകുന്തളയെ മോഹിച്ച ദുഷ്യന്തനെപ്പോലെ പ്രണയാഭിവേശിതരായി അവർ ഒരു നറുപുഞ്ചിരിയോടെ മയങ്ങിക്കിടന്നു.
 
സർവ്വാഭരണവിഭൂഷിതയായി ബലിയുടെ അന്തപ്പുരത്തിനു വെളിയിൽ ഒരു നിഴലനക്കം പോലെ ലിബറൽ അങ്ങോട്ട് കടന്നുവന്നു.  അപ്സരസൗന്ദര്യം ആവാഹിച്ച രജസ്വലയായ രാജകുമാരി. അവളുടെ കയ്യിൽ ഓങ്കാരം മുദ്രകുത്തിയ വെള്ളിമോതിരം തിളങ്ങി.  ഇടംനെഞ്ചിൽ മോഹിനിരൂപവും വലംകൈവണ്ണയിൽ ബ്രഹ്മസ്വരൂപവും പച്ചകുത്തിയിരുന്നു. ഉർവ്വശി, രംഭ, തിലോത്തമമാരെ വെല്ലുന്ന വിരിമാറിളക്കി, അരക്കെട്ട് ഒതുക്കി, മൂന്നടി മൂന്നടി വച്ച് പമ്മിപ്പമ്മി അവൾ ഉറങ്ങിക്കിടന്നിരുന്ന ബലിയിലേക്കു ഒരു പ്രതികാരദുർഗ്ഗയായ യക്ഷിപ്പെണ്ണായി ആവേശിച്ചു.   
 
അടുത്ത ദിവസം മലനാട്ടിലെ പത്രങ്ങളിൽ ബലിയുടെ ചിത്രത്തോടൊപ്പം അഞ്ചുകോളം വാർത്തപരന്നു.
 
'ലൈംഗികാരോപണം: ബലിഅറസ്റ്റിൽ'
 
ദേശത്തെ പോലീസ് ഏമാൻ ലക്ഷ്മണറെഡ്ഢിഗാരുവുമായി ണ് ലിബറൽ ആദ്യം സംവദിച്ചത്. പിന്നെ നാറികൊന എന്ന അയൽനാട്ടുകാരൻ ഫിക്സർ മുഖാന്തിരം സി. ഐ. റെജുമാത്യുവിനെ നേരിൽകണ്ടു. ടൈംസിലെ സൂസൻ തോമസിനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി, അഭിലാഷ് കുട്ടൻ എന്ന ഒരു നാടൻ കൂട്ടിക്കൊടുപ്പുകാരന്റെ സഹായത്തോടെയാണ് ലിബറൽ തന്റെ വിപ്ലവതന്ത്രം നടപ്പിലാക്കിയത്. പാട്ടപെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ബെന്നിചാക്കോ എന്ന സ്വന്തം പൂർവ്വകാമുകനുമായി ഉള്ള അവിഹിതം മറച്ചുവച്ച്,  മലനാട്ടിലെ സ്ത്രീമുന്നേറ്റത്തിന്റെ പടക്കുതിരയാവാനും സദാചാരപോരാളിയാകാനും അതിലൂടെ ലിബറലിനു സാധിച്ചു. തിരികെപോകുമ്പോൾ ബലിയെ പ്രകീർത്തിക്കുന്ന പാക്കനാർ പാട്ടുകൾ മുഴുവനും കത്തിച്ചു ചാമ്പലാക്കാനും അവൾ മറന്നില്ല. ബലി എന്ന കാട്ടാളനെ മെരുക്കിയ സ്ത്രീവിമോചക എന്ന പേരിൽ മലനാട്ടിലെ സ്ത്രീസമരങ്ങളുടെ ചരിത്രത്തിലേക്ക് ലിബറൽ ഒറ്റയ്ക്ക് അങ്ങിനെ നടന്നുകയറി.
 
രാത്രി ഒൻപതിനുള്ള ടെലിവിഷൻ ചർച്ചയ്ക്കിടയിൽ കുഞ്ഞുബോബി എന്ന സാമൂഹ്യപ്രവർത്തകനും രമാരാജൻ, സിന്ധു സ്റ്റീഫൻ എന്നീ സ്ത്രീവിമോചക പ്രവർത്തകരും ബലിയ്ക്ക് എതിരെ ആഞ്ഞടിച്ചു. ബലി, ഒരു സ്ത്രീലമ്പടനും, സ്ത്രീവിരുദ്ധനും സർവ്വോപരി മലനാടിനു തന്നെ സർവ്വത്ര അപമാനം വരുത്തിവച്ച ആണത്തപൊങ്ങച്ചക്കാരൻ ആണെന്നും, അയാളെ തിരുവോണ ദിവസം തന്നെ പ്രജാസമക്ഷം തൂക്കിലേറ്റണം എന്നും രമ വീറോടെ വാദിച്ചു.
 
പൊതുനിരത്തിൽ വിഡ്ഢിവേഷം കെട്ടിച്ച്, കോമഡി കാസറ്റുകൾ ഉണ്ടാക്കി ബലിയെ നിഷ്കരുണം പബ്ലിക് ഷെയിമിങ്ങിനു വിധേയനാക്കണം എന്ന് സിന്ധുവും പ്രസ്താവനയിറക്കി. ഹരിപ്രസാദൻ എന്ന ഒരു വായ്നോക്കി അതെല്ലാം മതിലായ മതിലിലെല്ലാം കൊണ്ടുചെന്നൊട്ടിച്ചു.  അന്നേരം ആകാശത്തു നിന്നും വീണ്ടും പുഷ്പവൃഷ്ടി ഉണ്ടായി. ദേവഗണങ്ങൾ നീലാകാശമാകെ ആ കാഴ്ച കാണാനായി അഡ്വാൻസ്ഡ് ബുക്കിംഗ് നടത്തി അണിനിരന്നു.      
 


അതിനെ തുടർന്ന്,  പ്രമുഖ ദലിത് ആക്ടിവിസ്റ്റായ രേഷ്മകണ്ണൻ, 'അമ്പമ്പോ, അയ്യയ്യോ കണ്ടില്ലേ... ബലി ഇനി എനിക്കെന്റെ സഹോദരൻ അല്ലാ... സഹോദരന്മാരില്ലാത്ത സമുദായം ആയല്ലോ എന്റേത് അയ്യോ അയ്യോ ...'  എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ച്, നിലത്തുവീണുകിടന്നുരുണ്ടു.  മുഖപുസ്തകത്തിൽ അതുണ്ടാക്കിയ പ്രകമ്പനം റിച്ചർസ്കെയിലിൽ  3.5  രേഖപ്പെടുത്തുകയുണ്ടായി.  ബ്ലഡ്പ്രഷർ കൂടി തലകറങ്ങിവീണ ടിയാത്തിയെ അടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച് രക്തം, കഫം, മലം, മൂത്രം, ശ്വാസകോശം, ഹൃദയം, കരൾ, പാൻക്രിയാസ്, വൻകുടൽ, മലാശയം, ഗർഭപാത്രം, തലച്ചോറ് എന്നിവയെല്ലാം വിശദമായ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കി.   


 
'ബലിയായാലും ആണ് ആണ് തന്നെ' എന്ന പ്രശസ്തമായ വാചകം അണിനിരത്തിയാണ് ലിബറൽ മുഖപുസ്തകത്തിൽ നിറഞ്ഞുനിന്നത്.  ബലിയുടെ ആണത്തത്തിനു എതിരെ, ഓണാഘോഷപരിപാടികൾ വഴി അയാൾ നടത്തുന്ന സ്ത്രീവിരുദ്ധപ്രവർത്തങ്ങൾക്ക് എതിരെയെല്ലാം, അങ്ങ് ദൂരെ ദില്ലി സുൽത്താനയിലെ സ്ത്രീവിപ്ലവകാരിയായ കവിതകൃഷ്ണനെ കുത്തുംകോമയും സമം ക്വോട്ട് ചെയ്താണ് ലിബറൽ വാദിച്ചത്. ചരിത്രപ്രസിദ്ധമായ മീടൂ മൂവ്മെന്റിന് ലിബറൽ പുതിയൊരു അർത്ഥം തന്നെ സമ്മാനിച്ചു.
ദേശത്തെ പ്രമുഖ സ്ത്രീപണ്ഡിതയും ഫെമിനിസ്റ്റും വിപ്ലവവിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ പൂർവകാലസഖാവുമായ ഡോ. ബീയസുമ്മ ലിബറലിന്റെ മുന്നേറ്റത്തിന് റാൻമൂളി. ജാരനൊപ്പം ഹുക്കയും വെടിയിറച്ചിയും നുണഞ്ഞു വനാന്തരത്തിൽ രവിവർമ്മച്ചിത്രമായി ശയിച്ചിരുന്ന ആയമ്മ ഉടൻ ഉണർന്നെഴുന്നേറ്റ് ഫെമിനിസ്റ്റ്സദാചാര പ്രസ്താവന ഇറക്കി.  അസ്ഥാനത്ത് സാബമഹ്മൂദിനെ പകർത്തിവച്ചും,  മാർക്സും ഏംഗൽസും കണ്ണിൽകണ്ടിടത്തെല്ലാം കുത്തിത്തിരുകിയും വല്ലാതെ വികൃതീകരിക്കപ്പെട്ടു എങ്കിലും ദേവഗണങ്ങൾക്ക് ബീയസുമ്മയെ അപ്പാടെ പിടിച്ചുപോയി. ദേശത്തെ സ്ത്രീപഠനകേന്ദ്രത്തിന്റെ തലപ്പത്ത് ബീയസുമ്മയെ ഉടൻ തന്നെ നിയമിക്കാൻ ദേവലോകത്തു നിന്നും ഉത്തരവുണ്ടായി.  ഇതിൽ മനംനൊന്ത് നായർ-മേനോൻ ഫെമിനിസ്റ്റുകൾ തിങ്കളാഴ്ച വ്രതം ഉപേക്ഷിച്ച് അടുത്തുള്ള പബ്ബിൽ പോയി വാറ്റുചാരായം മോന്തി,  ഉടുമുണ്ട് പൊക്കി നൃത്തംവച്ചു.
 
കാര്യങ്ങൾ ഇങ്ങനെ കൈവിട്ടുപോകുന്നതിനിടയിൽ ജയിലിൽ കിടന്ന ബലിയെ കാണ്മാനില്ല എന്ന ചുടുവാർത്ത നാടാകെ പരന്നു.  കാട്ടാളനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ നിശ്ചയിച്ചുറച്ച്‌,  ഇരുട്ടിക്കഴിഞ്ഞ ശേഷം സ്റ്റേഷന് പിന്നിലെ കോളനിയിൽ കിട്ടുന്ന വില കുറഞ്ഞ റമ്മും മോന്തി, ഒരു ഉരുട്ടിക്കൊലയുടെ വ്യാമോഹത്തിൽ നിറമനസ്സുമായി സി. ഐ. റെജുമാത്യു എത്തിയപ്പോഴാണ് അത് സംഭവിച്ചത്. സെല്ലിലെ വാതിൽ ചവുട്ടിത്തുറന്ന്  "ബ്ലഡി റേപിസ്റ് പുണ്ടച്ചിമോനെ...' എന്ന് വിളിച്ചതേ നസ്രാണിക്ക് ഓർമ്മയുള്ളൂ. ചുറ്റിലും കുരുതിക്കളത്തിന്റെ ചുവപ്പുപരന്നു. കോഴിച്ചോര പറ്റിയ ചിറി തുടച്ച് മുത്തപ്പൻ ആവേശിച്ച്, തോറ്റംപാട്ടിന്റെ ചടുലതാളത്തിനൊപ്പം ബലി തിരിഞ്ഞുപൊങ്ങി അന്തരീക്ഷത്തിൽ അപ്രത്യക്ഷനായി.  അത് കണ്ടുവന്ന മുത്തുകറുപ്പൻ എന്ന തമിഴൻ കോൺസ്റ്റബിൾ നിന്ന നിൽപ്പിൽ മലമൂത്രവിസർജ്ജനം നടത്തി കുഴഞ്ഞുവീണു.
കുടിച്ച റം ആവിയായി പോയതിന്റെ വിഷമത്തിലാണോ, ഒരു മനുഷ്യജീവൻ എടുക്കാൻകഴിയാത്തതിന്റെ ദു:ഖത്തിലാണോ എന്നറിയില്ല, റെജുമാത്യു ഈശോയ്ക്ക് തന്തക്കുവിളിച്ച് മുട്ടുകുത്തി ഒരു നിമിഷം പ്രാർത്ഥിച്ചുനിന്നു. പൊതുജനത്തിന്റെ രക്തംകുടിച്ചു മതിയാകാഞ്ഞിട്ടോ എന്തോ നേരംതെറ്റിയനേരത്ത് വഴിതെറ്റി എത്തുന്ന ഏതെങ്കിലും ഹതഭാഗ്യവാനായ വഴിയാത്രക്കാരന്റെ മുതുകത്തുകയറാനും കൈത്തരിപ്പ്തീർക്കാനുമായി പുറത്തിറങ്ങിയ ടിയാൻ പിന്നെ തിരികെ വന്നില്ല. തീട്ടപ്പറമ്പിനടുത്ത് കാക്കിവസ്ത്രങ്ങൾ ഊരിമാറ്റി നഗ്നനാക്കിയ നിലയിൽ സ്വന്തം ചോരയിൽ ഛർദ്ദിച്ചു കുഴഞ്ഞു കമിഴ്ന്നടിച്ച് അയാൾ മരിച്ചുകിടന്നു.
 
റെജുമാത്യുവിന്റെ രണ്ടു വയസ്സുള്ള മകൾ തന്തയില്ലാതെ വളർന്നു വലുതായി തന്റെ പതിനാറാമത്തെ വയസ്സിൽ അടുത്തുള്ള കോളനിയിലെ കള്ളവാറ്റുകാരനൊപ്പം ഒളിച്ചോടി. സ്വന്തം ഒളിസേവക്കാരനെ രണ്ടാംവിവാഹം ചെയ്ത അയാളുടെ ഭാര്യ ഏൻജെല എട്ടാംമാസം പ്രസവത്തിനിടെ രക്തംവാർന്നു മരിച്ചു.  അയാളുടെ അപ്പനും അമ്മയും കോട്ടയത്ത് നിന്നും വയനാട്ടിലേക്ക് കുടിയേറിയ പ്രമാണികളായിരുന്നു.  വേളാങ്കണ്ണിക്ക്‌ നോമ്പ്നോറ്റ് പോയിവരുന്നവഴി അവരുടെ വാഹനത്തിൽ വാനിടിച്ച് ഇരുവരും സംഭവസ്ഥലത്തുവച്ച്തന്നെ ദാരുണമായി മരണപ്പെട്ടു.
മലനാടിനെ വിറപ്പിച്ച ക്ഷിപ്രകോപിയായ സി. ഐ. റെജുമാത്യുവിന്റെ പ്രതാപകാലം അങ്ങനെ തീട്ടപ്പറമ്പിലെ തീട്ടത്തോടൊപ്പം ഒടുങ്ങി. പ്രജകൾ മനസ്സമാധാനത്തോടെ അല്ലലില്ലാതെ ജീവിക്കാൻ തുടങ്ങി. അവർ ശ്രാവണത്തിൽ മുടങ്ങാതെ പൂക്കളം ഇടാനും, ബലിയെ സ്മരിച്ച് ആടാനും പാടാനും തുടങ്ങി.  
ബലിത്തറയിലെ രക്തക്കറ ഉണങ്ങും മുൻപേ പാതാളദേശത്തേക്ക് ലങ്കാധിപന്റെ സഹായത്തോടെ ബലി ഒളിവിൽ പോയിരുന്നു. മലനാടിനെക്കുറിച്ച് അയാൾക്ക് പതിവ് നൊസ്റ്റാൾജിയ ഒന്നും തോന്നിയതേയില്ല.  വഞ്ചനയുടെ, പ്രതികാരത്തിന്റെ ഒരു ഓർമ്മപുതുക്കലായി ബലിക്കല്ലിൽ ചോരച്ചൂടിന്റെ പശിമ അയാളിൽ പറ്റിക്കിടന്നു. ഹൃത്തടത്തിൽ പ്രതികാരവാഞ്ജയും പേറി എല്ലാ വർഷവും ശ്രാവണത്തിൽ ബലി തന്റെ കളിക്കളം തേടിയിറങ്ങി.
ലിബറലിന്റെ അടങ്ങാത്ത പക എന്നോണം, വരിയുടയ്ക്കപ്പെട്ട കാട്ടാളനായി ബലി, കസവുസാരി ചുറ്റിയ കുലസ്ത്രീകളാൽ പൊതുനിരത്തുകളിൽ  നിരന്തരം അപമാനിക്കപ്പെട്ടുപോന്നു.  നിരാശാഭരിതരുടെ പാതാളത്തിലേക്ക് മൂന്നടിമൂന്നടി വച്ച്, ഒരു പരാജിതനെപ്പോലെ തിരിച്ചുപോകുമ്പോൾ ഒരു ബുള്ളറ്റിന്റെ നിലയ്ക്കാത്ത ഹുങ്കാരം ലിബറലിന്റെ ഉട്ടോപ്യയിലെ ശംഖൊലിയായി അവിടെമാകെ മുഴങ്ങിക്കൊണ്ടിരുന്നത് ബലി തിരിച്ചറിഞ്ഞു.  കനലെരിയുന്ന ഒരു പ്രതികാരത്തിന്റെ പക പുകഞ്ഞുകത്താൻ വെമ്പി അയാളുടെ ഉള്ളിൽ നീറി.        


കഥാവശേഷം:
 
ബലിയെ അപമാനിതനാക്കി പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതിനു ശേഷം സന്തോഷവതിയായി സ്ത്രീവിമോചനസദാചാരവിജയഗീതവും പാടി തിരിച്ചുപോയ ലിബറലിനെ ഒരു ചരക്കുലോറി തട്ടി കൊല്ലപ്പെട്ട നിലയിൽ വയനാട്ടിൽ കണ്ടെത്തി.  അതിക്രൂരം കൊലചെയ്യപ്പെട്ട ഒരു പെൺകുട്ടിയെപ്പോലെ അവളുടെ ശരീരം ചതഞ്ഞരഞ്ഞ നിലയിൽ ആയിരുന്നു.  എന്നിട്ടും അവളുടെ മതേതരകന്യാചർമ്മത്തിനു ഒരു പോറൽ പോലും പറ്റിയിരുന്നില്ല എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഡോക്ടർ എഴുതിവച്ചിരുന്നു.  ഇന്നും ലിബറലിന്റെ സ്മരണക്കായി ചുംബനസമരം, മനുഷ്യസംഗമം ഇത്യാദി കീഴാള പബ്ലിക്ഷെയിമിങ് ചടങ്ങുകൾ ചില ലിബറലുകൾ മലനാട്ടിൽ സംഘടിപ്പിച്ചുവരുന്നുണ്ട്.
മാത്തച്ചൻ രാഷ്ട്രീയത്തിൽ സജീവമാവുകയും, ക്വാറി, തീംപാർക്ക് എന്നീ ബിസിനസ്സുകൾ നടത്തുന്നതിനായി ജപ്പാനിൽ പോയി നാലു മാസം പഠിക്കുകയും ചെയ്തു.  തിരിച്ചുപോരുന്ന കൂട്ടത്തിൽ ഹോഷിമ എന്ന ഒരു ജാപ്പനീസ് സുന്ദരിയേയും വേളികഴിച്ചു കൂടെകൂട്ടി.
എല്ലാ വർഷവും പ്രജകളെ കാണാനായി ബലി മലനാട്ടിലെത്തി. മലനാടിന്റെ നാഥനായി ജനമനസ്സിൽ ഇന്നും ബലി ധീരനായി വാഴുന്നു.

 

(അവസാനിക്കുന്നു ) | ഭാഗം 1. വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image