Image

ഏങ്കളുടെ ഏങ്കക്ക്

കേരളം മുന്നോക്ക സംവരണം എന്ന വംശീയമായ അജണ്ട നടപ്പിലാക്കി ആദിവാസികളെയും ദളിതരെയും സാമൂഹിക ക്രമത്തില്‍ നിന്നും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ദളിത് സമൂഹങ്ങളുടെ സംവരണാവകാശങ്ങള്‍ നഷ്ടപ്പെടില്ല എന്ന ചപ്പടാച്ചി വാദമാണ് മുന്നോക്ക സംവരണാനുകൂലികള്‍ വിടുവായത്തമടിക്കുന്നത്. ഇതേ സമയത്ത് തന്നെയാണ് കേരളത്തിലെ പ്ലസ് വണ്‍ സീറ്റ് അലോട്ട്മെന്‍റില്‍ ആദിവാസികള്‍ പുറംതള്ളുന്നത്. ഞങ്ങളുടെ സീറ്റ് ഞങ്ങള്‍ക്ക് എന്ന മുദ്രാവാക്യവുമായി ആദിവാസി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഈ സമരം ഭാഗികമായി വിജയിച്ചുവെങ്കിലും കേരളം അത് തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്നത് ഏറെ ദുരൂഹമാണ്. അക്കാര്യത്തില്‍ പൊതുമാധ്യമങ്ങളും അവരുടെ പങ്ക് 'നന്നായി നിര്‍വ്വഹിച്ചു'. സമരമുഖത്തുനിന്നും നേതാക്കള്‍ ഒന്നിപ്പിനോട് സംസാരിക്കുന്നു.

 

ഒന്നിപ്പ് ഈ വിഷയത്തില്‍ പ്രഥമികമായി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ആദ്യം ചേര്‍ക്കട്ടെ. ആദിശക്തി സമ്മര്‍ സ്കൂളിന്‍റെ  കീഴില്‍ 5 വര്‍ഷമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരന്തരമായി ചെയ്തുവരുന്നുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗം, വൊക്കേഷണല്‍ സ്കില്‍ ട്രെയ്നിങ്ങ് ഡവലപ്പ്മെന്‍റ് പോലെയുള്ള കാര്യങ്ങളാണ് കൂടുതലായി അത് ഫോക്കസ് ചെയ്തിരുന്നത്. ഈ വര്‍ഷം കൊറോണയുടെ സാഹചര്യത്തില്‍ എന്‍.എസ്.എസ് വളണ്ടിയേഴ്സിന്‍റെയും റിസര്‍ച്ച്  സ്കോളേഴ്സിന്‍റെയും സഹായത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളുടെ തന്നെ ഇനീസിയേഷനില്‍ ഒരു വളണ്ടിയര്‍ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു. അട്ടപ്പാടി, തൃശ്ശൂര്‍, നിലമ്പൂര്‍, ചാലക്കുടി, വയനാട്, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിലെ ട്രൈബല്‍ മേഖലയിലുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് അത് ഉണ്ടായിരുന്നത്. പഠനത്തിന്‍റെ ഭാഗമായി പത്താം തരം ജയിച്ച കുട്ടികളുടെ പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ നേരിട്ട അതേ പ്രശ്നം വളരെ രൂക്ഷമായ തരത്തില്‍ നിലനില്ക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കുട്ടികള്‍ക്ക് നേരിട്ട് പോയി പരാതി പറയാന്‍ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.  സ്ഥാപനങ്ങള്‍ ഈടാക്കുന്ന അധിക ഫീസ്, മറ്റ് അനധികൃത നടപടികള്‍ എന്നിവക്ക് പരാതി പറയാന്‍ സ്പേസില്ല. കമ്യൂണിക്കേറ്റ് ചെയ്യാന്‍ എസ്.സി./എസ്.ടി, സെല്‍ ഇല്ല.  എസ്.സി./എസ്.ടി. ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ അത് നോക്കാനുള്ള ഉദ്യോഗസ്ഥരില്ല, ഗ്രാന്‍റുകള്‍ പോലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ആള്‍ക്കാരില്ല. അങ്ങനെ പല പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് ആദിശക്തി സമ്മര്‍ സ്കൂള്‍ എന്ന പ്ലാറ്റ്ഫോം സമരത്തിലേക്ക് പോകുന്നത്. ഒരിക്കല്‍ പോലും സമരം ചെയ്യാന്‍ വേണ്ടി ഫോം ചെയ്ത ഒരു സംവിധാനമല്ല ആദിശക്തി സമ്മര്‍ സ്കൂള്‍,  എന്നിട്ടു പോലും ഇപ്പോഴത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥയും നിരാകരണവും നിമിത്തം ആദിശക്തി സമ്മര്‍ സ്കൂള്‍ ഇത്തരമൊരു ഒരു സമരാവസ്ഥയിലേക്ക് എത്തിച്ചേരുകയാണുണ്ടായത് എന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നു. ഇനി അവരുടെ വാക്കുകളിലേക്ക്....

 

വിജീഷ് കെ.

"ഏങ്കളുടെ സീറ്റ് ഏങ്കക്ക്"- ഞങ്ങള്‍ക്ക് കിട്ടേണ്ടത് ഞങ്ങള്‍ക്ക് കിട്ടണം 

സമരത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാല്‍- ഇതിന്‍റെ മുദ്രാവാക്യം തന്നെയാണ്. "ഏങ്കളുടെ സീറ്റ് ഏങ്കക്ക്" അതായത് ഞങ്ങള്‍ക്ക് കിട്ടേണ്ട സീറ്റ് ഞങ്ങള്‍ക്ക് തന്നെ കിട്ടണം. പത്താം ക്ലാസ് പാസ്സായിക്കഴിഞ്ഞ എല്ലാ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. സ്പോട്ട് അലോട്ട്മെന്‍റ് എന്ന നടപടിക്രമം ഇല്ലാതാക്കി മറ്റു കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതോടൊപ്പം ആദിവാസി വിദ്യാര്‍ത്ഥികളെയും പരിഗണിക്കുകയും അവര്‍ക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.

മാത്രവുമല്ല ഡിഗ്രി-പിജി അഡ്മിഷന്‍ പ്രോസസ് കഴിഞ്ഞ് കോളേജിലേക്ക് പ്രവേശന നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ എസ്.ടി./എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഈടാക്കുന്ന ഫീസുകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണം. അതുപോലെ തന്നെ ഡിഗ്രി-പിജി പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു, പത്താം തരം പാസ്സായ എല്ലാ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും  ലാപ്ടോപ്പ് സൗകര്യം ഉറപ്പുവരുത്തണം. വയനാട്ടില്‍ ഐ.ടി. സ്ഥാപനങ്ങള്‍ കുറവായതുകൊണ്ടുതന്നെ വയനാട്ടിലും അതുപോലുള്ള സ്ഥാപനങ്ങള്‍ രൂപീകരിക്കണം. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍, പ്ലസ്ടു പ്രത്യേക ഹയര്‍ സെക്കന്‍ററി ബാച്ചുകള്‍ ഉണ്ടാക്കണം. പിന്നെ ടി.ടി.സി., ഡിഎഡ്, ബിഎഡ്, ഡിഎല്‍ എല്ലാം പാസ്സായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കി മെന്‍റര്‍ ടീച്ചര്‍ പോസ്റ്റിങ്ങിലേക്ക് അവരെ പരിഗണിക്കുകയും മെന്‍റര്‍ ടീച്ചര്‍ പോസ്റ്റിങ്ങ് സ്ഥിരം നിയമനം ആക്കുകയും വേണം. സര്‍ക്കാര്‍ ഉന്നയിക്കുന്ന തൊഴില്‍ നല്‍കല്‍ പദ്ധതിയില്‍ ആദിവാസി വിദ്യാര്‍ത്ഥികളെയും പരിഗണിച്ച് അവര്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കണം.  വയനാട് ജില്ലക്ക് പുറത്തുപോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ ജില്ലയില്‍ നിന്നു പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. മെന്‍റര്‍ ടീച്ചര്‍മാരെ നിയമിക്കുമ്പോള്‍ തന്നെ കേവലം എല്‍.പി., യു.പി. വിഭാഗങ്ങള്‍ക്കു മാത്രം മെന്‍റര്‍ ടീച്ചര്‍മാരെ എടുക്കാതെ അവിടെ പരിഗണിക്കുന്നതു പോലെ തന്നെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി മേഖലകളിലും മെന്‍റര്‍ ടീച്ചര്‍മാരെ നിയമിക്കണം. എസ്.എസ്.എല്‍.സി. പ്ലസ്ടു തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള പരിശീലന കേന്ദ്രങ്ങള്‍ വയനാട് ജില്ലയില്‍ രൂപീകരിക്കണം. ഇതെല്ലാമാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ഇവ നടപ്പിലാക്കുന്നവതു വരെ സമരം വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാനാണ് വിചാരിക്കുന്നത്.

 

പി.വി. രജനി

സ്പോട്ട്അലോട്ട്മെന്‍റ് എന്നത് ഒരു പ്രഹസനമാണ്. കോവിഡിലും ഞങ്ങള്‍ തെരുവില്‍ നില്‍ക്കും.

ഈ സമരത്തിന്‍റെ പ്രധാന പ്രത്യേകത എന്നുവച്ചാല്‍, കേരളത്തില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ സമരത്തിനായി മുന്നിട്ടിറങ്ങി എന്നതും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി തെരുവിലേക്കിറങ്ങി എന്നതും തന്നെയാണ്. ഈയൊരു സമരം കേരളസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നത്, ഇനിയും വിദ്യാഭ്യാസപരമായി ഞങ്ങള്‍ പിന്നിലേക്ക് പോകില്ല എന്നും ഞങ്ങള്‍ക്ക് അവകാശപ്പെട്ടത് ഞങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യും എന്നുമുള്ള ആശയമാണ്. ഇതൊന്നും ചെവികൊള്ളാതെ അധികാരത്തില്‍ ഇരിക്കുന്നവര്‍ ഈയൊരു സമരം അനാവശ്യമായ ഒന്നാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പോലും ഇറക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ അതിലൊന്നും തളര്‍ന്നില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുന്നതു വരെ ഞങ്ങള്‍ ഇവിടെ തന്നെ നില്‍ക്കും, ഈ കൊറോണ എന്ന മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ തെരുവില്‍ തന്നെ ഞങ്ങള്‍ നില്‍ക്കും.

എല്ലാ വര്‍ഷവും  നടക്കുന്ന സ്പോട്ട് അലോട്ട്മെന്‍റ്  എന്നത് ഒരു പ്രഹസനമാണ്. മറ്റുള്ളവര്‍ക്കൊക്കെ കൊടുത്തു കഴിഞ്ഞിട്ടുള്ള എച്ചിലുകള്‍ വീതിച്ചുകൊടുക്കുന്ന ഒരു ഏര്‍പ്പാടായിരുന്നു സ്പോട്ട് അലോട്ട്മെന്‍റ് എന്നത്. അതിലൂടെ ഏതാനും ചില വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ക്ലാസ് റൂമുകളിലേക്ക് അഥവാ പ്ലസ് വണ്ണിലേക്ക് എത്തിപ്പെടുന്നത്. അതും രണ്ട് മാസങ്ങള്‍ കഴിഞ്ഞാണ് അവരെ എടുക്കുക. അതുകൊണ്ടു തന്നെ വിദ്യാഭ്യാസപരമായി ഒട്ടനവധി പ്രശ്നങ്ങള്‍ അവര്‍ക്ക്  നേരിടേണ്ടി വരുന്നു. ആ ഒരു സാഹചര്യത്തില്‍ നിന്ന് മാറി ഈ വര്‍ഷം മറ്റ് വിദ്യാര്‍ത്ഥികള്‍ എല്ലാവരും പ്ലസ് വണ്ണില്‍ പ്രവേശിക്കുന്ന അതേ സമയത്തു തന്നെ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കും  പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടാന്‍ കഴിഞ്ഞു. ഏകദേശം 800-ല്‍ അധികം സീറ്റുകളാണ് ഈ സമരത്തിന്‍റെ ഭാഗമായി മാത്രം ആദിവാസി  വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ ഏറെ സന്തോഷമുണ്ട്. ഈയൊരു സമരത്തിന് കേരളത്തിലെ ഒട്ടനവധി സംഘടനകളും സംഘടനാ പ്രവര്‍ത്തകരും ഞങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഒരിക്കലും അനാവശ്യമാണ് എന്ന് കേരളസമൂഹത്തിന് തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നതും.  ആദിവാസി ഗോത്രമഹാസഭയുടെയും ആദിശക്തി സമ്മര്‍ സ്കൂളിന്‍റെയും നേതൃത്വത്തില്‍ വയനാട്ടില്‍ ബത്തേരി സിവില്‍ സ്റ്റേഷനു മുന്നില്‍ കഴിഞ്ഞ മാസം 28-ാം തിയ്യതിയാണ് വിദ്യാര്‍ത്ഥികള്‍ സമര സത്യാഗ്രഹം ആരംഭിച്ചത്. വയനാട്ടില്‍ വര്‍ഷങ്ങളായി ഓരോ പ്രാവശ്യവും പ്ലസ് വണ്ണിലേക്കുള്ള അഡ്മിഷന്‍ പ്രോസസ് കഴിയുമ്പോഴത്തേക്കും ആയിരത്തിലധികം ആദിവാസി വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തില്‍ നിന്നും പുറംതള്ളപ്പെടുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളില്‍ ആദിശക്തി സമ്മര്‍സ്കൂളിന്‍റെ നേതൃത്വത്തില്‍ പല രീതിയിലും ഈ പ്രശ്നങ്ങള്‍ അധികാരികളെ അറിയിച്ചിട്ടും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വേണ്ടരീതിയിലുള്ള നടപടികളൊന്നും അവര്‍ സ്വീകരിച്ചില്ലായിരുന്നു. ഈ വര്‍ഷവും അതേ അവസ്ഥ തുടര്‍ന്നും ഉണ്ടാകുമെന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ഇത്തരത്തില്‍ ഒരു സമരവുമായി ഞങ്ങള്‍ മുന്നോട്ടുവന്നത്.  ഈയൊരു സമരം കേവലം പ്ലസ് വണ്‍ സീറ്റുകള്‍ക്കു വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ ലഭ്യതയിലുള്ള പ്രശ്നങ്ങള്‍, വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും പല രീതിയിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന വംശീയത, ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ഭീമമായ തുക ഫീസിനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിലെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. ഫീസുകള്‍ മുഴുവനായിട്ടും ഗവണ്‍മെന്‍റ് ഏറ്റെടുക്കുക. അതുപോലെ തന്നെ ജില്ലയില്‍ നിന്നും പുറത്തു പോയി നഗരങ്ങളില്‍ ചെന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുക. എന്നൊക്കെയുള്ള ഒട്ടനവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരമായിരുന്നു ഇത്.

 

മണികണ്ഠന്‍ സി. മാനന്തവാടി 
ഡ്വുവല്‍ സ്പെഷലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍റ് മാര്‍ക്കെറ്റിങ്ങ്. 
(പണിയ വിഭാഗത്തിലെ ആദ്യ എ.ബി.എ. ബിരുദധാരി)

"നിങ്ങളുടെ പത്ത് A+ ന് തുല്യമാണ് ഞങ്ങളുടെ ഊരിലെ കുഞ്ഞുങ്ങളുടെ ഒരു D+"

2014-ൽ ഞാൻ മാനന്തവാടി ട്രൈബൽ വകുപ്പിൽ കമ്മിറ്റഡ് സോഷ്യൽ വർക്കർ ആയി ജോലി ചെയ്യുന്ന കാലത്താണ് സ്പോട്ട് അഡ്മിഷൻ പ്രക്രിയ വരുന്നത്. എസ്.എസ്.എൽ.സി. പാസായ ഞാനടക്കമുള്ള ആദിവാസി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് ഒരു അലോട്ട്മെന്‍റിലും പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സ്പോട്ട് അഡ്മിഷൻ വഴി അഡ്മിഷൻ നൽകുന്നു എന്നതാണ് ഇതിന്‍റെ രീതി. മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കിലെ ഏതെങ്കിലും ഒരു സ്കൂളിൽ വെച്ച് അതാത് താലൂക്കിലുള്ള എല്ലാ ഹയർസെക്കൻഡറി സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുന്നു. ഒരു സ്കൂളിൽ അഞ്ചു കുട്ടികൾക്ക് അവസരമൊരുക്കുകയും അഡ്മിഷൻ കൊടുക്കുകയും ചെയ്യുന്നു. ഇതിൽ കൂടുതൽ കുട്ടികൾ ആദിവാസി വിഭാഗത്തിൽ തന്നെ ഏറ്റവും അടിത്തട്ടിലുള്ള അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിലുള്ള കുട്ടികളായിരിക്കും.ഇതിന്‍റെ സെലക്ഷൻ പ്രൊസീജിയർ വളരെ 'ലളിത'മാണ് അതായത് കുട്ടികൾ ഏത് സ്കൂളിലേക്ക് ആണോ അഡ്മിഷൻ വേണ്ടത് സ്കൂളിലെ അധ്യാപകരും ഇരിക്കുന്ന മേശപ്പുറത്തേക്ക് ഓടിയെത്തുക. 'വളരെ ലളിതം, സുതാര്യം'.  

മറ്റ് കുട്ടികൾക്ക് അഡ്മിഷൻ കിട്ടി ക്ലാസുകൾ തുടങ്ങി ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷമാണ് സ്പോട്ട് അഡ്മിഷൻ പ്രക്രിയ നടക്കുന്നത്. അതായത് അവരെ എടുക്കുന്ന സമയമാകുമ്പോഴേക്കും പാഠഭാഗം കുറെ മുന്നോട്ടുപോയിക്കാണും. അതുകൊണ്ടുതന്നെ ഞങ്ങളുടെ കുട്ടികൾ തികച്ചും ഒറ്റപ്പെട്ട്, പുതിയ പാഠ്യക്രമത്തെക്കുറിച്ച് ഒരു ബോധവും ഇല്ലാതെ ഒരു നിർവികാര മനസ്സോടെ ഇരിക്കേണ്ടി വരുന്ന അവസ്ഥ! പുതിയ ഭാഷ ! ആകെ ഒരു മരവിപ്പ്. ഞങ്ങളുടെ ഊരുകളിലെ കുട്ടികൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചാണ് സ്കൂളുകളിൽ എത്തുന്നത്. അങ്ങിനെ ക്ലാസ്സിൽ എത്തുന്ന അവസ്ഥയിൽ ക്ലാസിൽ തികച്ചും ഒറ്റപ്പെട്ട് ഒന്നും മനസ്സിലാക്കാൻ കഴിയാതെ ഇരിക്കുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ കഴിയണം.  50 കുട്ടികൾക്ക് സൗകര്യമുള്ള ക്ലാസ്സിൽ 65 പേർക്ക് അഡ്മിഷൻ കൊടുക്കുന്ന അവസ്ഥ ചിന്തിക്കേണ്ടതാണ്. ഞെങ്ങിഞെരുങ്ങി ഇരുന്നു പഠിക്കേണ്ട സാഹചര്യം. വയനാട്ടിൽ ആദിവാസിയുടെ പേരില്‍ വികസനം നടക്കുന്നു എന്ന പ്രഹനസങ്ങള്‍ നടക്കുമ്പോള്‍ തന്നെ  ജന്മാവകാശമായി ലഭിക്കേണ്ട വിദ്യാഭ്യാസത്തിനുവേണ്ടി അധികാരികളുടെ മുന്നിൽ കേഴേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍ക്ക്. ആഗ്രഹിച്ചു അഡ്മിഷൻകിട്ടിയശേഷം പകുതിക്ക് വെച്ച് പഠനം നിർത്തേണ്ടി വരുന്ന കാര്യമൊന്ന് ചിന്തിച്ചു നോക്കൂ. മറ്റു കുട്ടികൾ അധ്യാപകർ ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി ചെയ്യുമ്പോൾ ഞങ്ങളുടെ കുട്ടികൾ തികച്ചും മാറി നില്‍ക്കേണ്ട അവസ്ഥ. ടീച്ചർമാരുടെ കണ്ണ് പൊട്ടുന്ന ശകാരം വേറെ. ശേഷം കുട്ടികൾക്ക് ഉപദേശവും ''പ്രൈവറ്റ് കോളേജിൽ പഠിച്ചാലേ ഇവനൊക്കെ പാസ്സാകൂ, അവിടെ ആണെങ്കിൽ മലയാളത്തിൽ എഴുതാം''. കുഞ്ഞുങ്ങളെ പ്രൈവറ്റ് കോളേജിലേക്ക് വിടാൻ പണത്തിനു വേണ്ടി നെട്ടോട്ടമോടുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥ അവര്‍ക്ക് മനസ്സിലാകുന്നില്ല എന്നാണോ...? കഴിഞ്ഞ 2014 മുതൽ 2019 വരെയുള്ള സ്പോട്ട് അഡ്മിഷൻ വഴി അഡ്മിഷൻ കിട്ടിയ കുഞ്ഞുങ്ങളിൽ എത്ര കുട്ടികൾ പാസ്സായിട്ടുണ്ട് എന്ന കണക്ക് നമ്മളോരോരുത്തരെയും വേട്ടയാടും. ഒരു പ്രശ്നത്തിനു പരിഹാരം പറയാന്‍ എളുപ്പമാണ് പക്ഷേ പരിഹാരമാർഗ്ഗം ലക്ഷ്യം കാണുന്നുണ്ടോ എന്ന് ഉറപ്പു വരുത്താതെ വീണ്ടും ഞങ്ങളുടെ കുഞ്ഞുങ്ങളിലേക്ക് സ്പോട്ട് അഡ്മിഷൻ എന്ന് പ്രക്രിയ അടിച്ചേൽപ്പിക്കരുത്. ഞങ്ങൾ നിങ്ങൾക്ക് ഒട്ടും പിന്നിലല്ല. വംശീയ വേർതിരിവ് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒരുകാര്യം കൂടി... ഇനി സ്പോട്ട് അഡ്മിഷൻ നടത്തുവാന്‍ ആലോചിക്കുന്നതിനു മുമ്പ് ഒന്ന് മനസ്സിലാക്കുക. ഞങ്ങൾക്ക് വേണ്ടത് സ്പെഷ്യൽ ബാച്ചും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ടീച്ചർമാരും ആണ്.

 

ജിഷ്ണു ജി.
ബി.എ. എക്കണോമിക്സ് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി, സെന്‍റ് പോള്‍സ് കോളേജ് കളമശ്ശേരി, എറണാകുളം. 
(വയനാട് തെലംപറ്റ സ്വദേശി)

ആദിവാസികള്‍ക്ക് പഠിക്കാന്‍ അവസരമില്ല .

ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും നീണ്ടുനിന്നൊരു സമരത്തില്‍ പങ്കെടുക്കുന്നത്. ഞങ്ങള്‍ക്കു വേണ്ടിയിട്ടുള്ള സമരമായതു കൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കാന്‍ ഒരു ഊര്‍ജ്ജവും സമരം വിജയിപ്പിക്കണമെന്നുള്ള ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കൊറോണ പോലൊരു സാഹചര്യത്തില്‍ പോലും ഈ സമരം ഞങ്ങള്‍ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത്. ഇതില്‍ ഉന്നയിച്ചിരിക്കുന്നത് വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്നമല്ല, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ ആദിവാസി ദലിത് വിദ്യാര്‍ത്ഥികളും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ തന്നെയാണ്. അട്ടപ്പാടി മേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഏരിയകളിലൊക്കെ സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങള്‍ ഇപ്പോഴുമില്ല. കൊറോണയുടെ സാഹചര്യത്തില്‍ ഇന്ന് എല്ലാ കോളേജുകളിലും സ്കൂളുകളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് എല്ലാ കോളനികളിലും ഓണ്‍ ലൈന്‍ ക്ലാസ് നടക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്. കൃത്യമായ കണക്കെടുപ്പ് നടത്തിയാല്‍  മനസ്സിലാകും, പല സ്ഥലങ്ങളിലും അത് എത്തിയിട്ടില്ല എന്നത്. ഒരു കോളനിയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു മൊബൈല്‍ കൊടുത്ത്, അത് പത്രത്തില്‍ കൊടുത്താല്‍ കാര്യമില്ല. ഓരോ കോളനികളിലും നിരവധി കുട്ടികള്‍ അത്തരം സൗകര്യങ്ങളില്‍ നിന്ന് പുറത്താണ്. ഇത് പരിഹാരമായി ഞങ്ങള്‍ നിര്‍ദ്ദേശിച്ചത് ഓരോ കോളനികളിലും ലോക്കല്‍ ലെവല്‍ ലേണിങ്ങ് സെന്‍ററുകള്‍ ആരംഭിക്കുക, കുട്ടികള്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും സാധിക്കുന്ന തരത്തില്‍ മെന്‍റര്‍ ടീച്ചര്‍മാരെ നിയമിക്കുക എന്നതെല്ലാമാണ്. ഇത് വയനാട്ടിലെ മാത്രം പ്രശ്നമല്ല. വയനാട്ടില്‍ പ്രശ്നം കുറച്ചുകൂടി രൂക്ഷമാണ് എന്നു മാത്രം. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഒരുപാട് പ്രശ്നങ്ങള്‍ തരണംചെയ്തിട്ടാണ് പത്താം ക്ലാസ് വരെയെങ്കിലും എത്തുന്നത്. എന്നാല്‍ പത്താംക്ലാസ് കഴിയുമ്പോള്‍ പഠിക്കാനുള്ള അവസരമില്ല എന്നു പറയുന്നത് ഭയങ്കരമായി ഞങ്ങളെ മാനസികമായി തളര്‍ത്തിക്കളയുന്ന ഒന്നാണ്. ഈ സമരം കൊണ്ട് സ്പോട്ട് അഡ്മിഷന്‍ എന്ന തട്ടിപ്പിന്  ഈ വര്‍ഷത്തോടെ അന്ത്യംകുറിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കെല്ലാം ഇത്രയും കാലം കിട്ടാത്ത അവസരം ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും കിട്ടുമല്ലോ, അതും ഞങ്ങള്‍ മുഖാന്തിരം എന്നു പറയുമ്പോള്‍ വളരെ സന്തോഷമുണ്ട്.

പിന്നെ ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ് പ്ലസ് വണ്‍ പ്രവേശനത്തില്‍ സീറ്റ് ഇല്ല എന്നത്. സമരത്തില്‍ ഞങ്ങള്‍ മുന്നോട്ടു വച്ച ഇനിയും നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ലോക്കല്‍ ലേണിങ്ങ് സെന്‍റര്‍, ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സഹായം, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍  അതുപോലെ പലതും. അതുകൊണ്ടു തന്നെ ഈ സമരം ഇവിടംകൊണ്ട് അവസാനിച്ചിട്ടില്ല. ഭാഗികമായിട്ടുള്ള വിജയം മാത്രമാണ് ഈ സമരത്തിന് ഉണ്ടായിട്ടുള്ളത്. വരുംദിവസങ്ങളില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ട് അത് തുടരുക തന്നെ ചെയ്യും. സെക്രട്ടേറിയറ്റിന്‍റെ മുന്നില്‍ ഈ വരുന്ന 20-ാം തിയതി 'മെമ്മോറിയല്‍ സമര്‍പ്പണം' എന്ന പേരില്‍ ഒരു സമരം നടത്തുന്നുണ്ട്. പൂര്‍ണ്ണമായ വിജയം കാണുന്നതു വരെ ഈ സമരത്തിന്‍റെ കൂടെ എന്നും ഞങ്ങളുണ്ടാകും. ഈ സമരത്തെ പലരും പല തരത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും സമരം വിജയിക്കുക തന്നെ ചെയ്തു. കാരണം ഈ സമരം സത്യത്തിനു വേണ്ടിയുള്ളതായിരുന്നു. സമ്പൂര്‍ണ്ണമായ വിജയത്തിനു വേണ്ടി വിവിധങ്ങളായ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഈ സമരം തുടരുകതന്നെ ചെയ്യും.  ആദിശക്തി സമ്മര്‍ സ്കൂളിന്‍റെയും ആദിവാസി ഗോത്രമഹാസഭയുടെയും നേതൃത്വത്തില്‍ സെപ്തംബര്‍ 28-ാം തിയ്യതി മുതല്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷന്‍റെ മുന്നില്‍ വച്ചാണ് ആദിവാസി ദലിത് വിദ്യാര്‍ത്ഥികളുടെ സത്യാഗ്രഹസമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു ഈ സമരം നടന്നത്. ഏകദേശം 28-ഓളം ദിവസം ഈ സമരം തുടര്‍ന്നു.  

കൊറോണയായിട്ടുപോലും ഇത്രയും കുട്ടികള്‍ തെരുവില്‍ ഇറങ്ങിയിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായില്ല. ഞങ്ങളുമായി ഒരു ചര്‍ച്ചക്കും അവര്‍ വന്നില്ല. പറയുമ്പോള്‍... ഇവിടെ മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, എസ്.സി.-എസ്.ടി. വകുപ്പ്, അതിനെല്ലാം മന്ത്രി... എല്ലാമുണ്ട്. എന്നിട്ടും ഒന്നും നടന്നില്ല. പത്താം ക്ലാസ് കഴിഞ്ഞുവരുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ സീറ്റുകള്‍ ഇല്ല എന്നതാണ് ഈയൊരു സമരത്തിലേക്ക് ഞങ്ങള്‍ക്ക്  ഇറങ്ങേണ്ടി വന്നത്. ഞാനടങ്ങുന്ന ആദിവാസി വിദ്യാര്‍ത്ഥിസമൂഹം ഇന്നും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിദ്യാഭ്യാസ രംഗത്തുള്ളത്. ഏതൊരു മനുഷ്യന്‍റെയും ജന്മാവകാശമാണ് വിദ്യാഭ്യാസം എന്നത്. ആദിവാസികളായ ഞങ്ങള്‍ക്കും അത് ബാധകമാണെന്നു പറയപ്പെടുന്നു. സമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ വിദ്യാഭ്യാസം അത്യാവശ്യമാണ് എന്നത് ഞങ്ങളുടെ തലമുറകള്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുള്ളതാണ്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ എന്നും മാതൃകയാണെന്നാണ് പറയപ്പെടുന്നത്. സമ്പൂര്‍ണ്ണ  സാക്ഷരത കൈവരിച്ച സംസ്ഥാനം, വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനം എല്ലാം കൂടിയാണ് കേരളം. എന്നിട്ടു പോലും ഈ കേരളത്തില്‍ വിദ്യാഭ്യാസത്തിനു വേണ്ടി ആദിവാസി കുട്ടികള്‍ തെരുവിലിറങ്ങി എന്നു പറയുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നാണക്കേട് തന്നെയാണ്. ഞങ്ങള്‍  ഈയൊരു സമരത്തിനിറങ്ങിയില്ലായിരുന്നെങ്കില്‍ മുന്‍കാലങ്ങളിലെന്നതുപോലെ തന്നെ ഈ വര്‍ഷവും ഞങ്ങളുടെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്കൂളിന് പുറത്തായേനെ. വിദ്യാഭ്യാസരംഗത്തുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ നിരന്തരം പറയാറുണ്ടെങ്കിലും ഒരുപാട് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള നീതിയും ഞങ്ങള്‍ക്ക്  കിട്ടിയിട്ടില്ല. ഇലക്ഷന്‍ സമയത്ത് മാത്രം കോളനികളിലേക്ക് കയറിവരുന്ന പാര്‍ട്ടിക്കാരെയും പ്രവര്‍ത്തകരെയുമൊക്കെ ഞങ്ങള്‍ കണ്ടുമടുത്തതാണ്. ഞങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന തിരിച്ചറിവാണ് ഈ സമരത്തിന്‍റെ പ്രചോദനം. ഒരു മാസക്കാലം മുഴുവന്‍ ഞങ്ങള്‍ തെരുവില്‍ ഇറങ്ങിയിട്ടും ജില്ലാ കളക്ടറോ ഭരണാധിപന്മാരോ ആരും തന്നെ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. മറ്റേതൊരു പാര്‍ട്ടികളായിക്കോട്ടെ, സവര്‍ണ്ണ വിഭാഗങ്ങളായിക്കോട്ടെ ഇത്തരമൊരു സമരം ചെയ്താല്‍... കൂടിപ്പോയാല്‍ ഒരാഴ്ചക്കകം ആ സമരപ്പന്തലില്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിക്കുകയും വേണ്ട പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഇത്രയം കാലം ആദിവാസിക്കുട്ടികള്‍ സമരം ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കിയില്ല എന്നത്  യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന് എതിരായുള്ള നാണംകെട്ട നിലപാടായി വേണം വിലയിരുത്താന്‍. 


കുറുകുറെ ബ്രോസ് എന്ന വീഡിയോ ആല്‍ബം


ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image