Image

പ്രളയക്കെടുതിയ്ക്കൊടുവിലൊരു പുഴപറഞ്ഞത്

വേറെ നിവർത്തിയില്ല, അന്യമായിത്തുടങ്ങിയ ഇടങ്ങളിലേക്ക് വന്യമായി അധികാരത്തോടെ കയറിച്ചെന്ന് വേണ്ടതും വേണ്ടാത്തതും അവകാശപ്പെടുത്തിയെടുക്കുക തന്നെ ചെയ്തു.
കൃത്യമായ കണക്കുകളില്ല  അല്ലെങ്കിൽ തന്നെ കണക്കുപറയാൻ എനിക്ക് അറിയില്ല. പറയേണ്ടത് മുഴുവനായി നിങ്ങൾ  തെളിഞ്ഞും മറഞ്ഞും ഒളിഞ്ഞും ശ്വാസഗതി അയവ് വരുത്തി പറഞ്ഞു തീർത്തപ്പോൾ ചിലതൊക്കെ വെളുത്ത മൂടൽമയക്കത്തിൽ എന്നിൽ മുറിവ് കീറി ഒട്ടിനിൽക്കുന്നു.

മുറിവോ? നിനക്കോ?  കേട്ട്  ചെവിക്കൂട പെരുത്ത് ആശ്‌ചര്യം കൂറേണ്ട   നാശത്തി, ഒക്കെ  തുലച്ചവൾ, പിഴ, പണ്ടാരം  അങ്ങനെ തുരുതുരെ തുളുമ്പിത്തെറിച്ച വിഷമുനയുള്ള വാക്കുകൾ തുള്ളിയടർത്തി കിനിഞ്ഞ പേമാരിയെക്കാൾ  വേണ്ടുവോളം വേദനിപ്പിച്ചു. ചാർത്തി പറഞ്ഞതിലെ പുഴുത്ത തെറികൾ നീറ്റലുണർത്തുമ്പോൾ ഉരച്ചു പതപ്പിച്ചു പാഴ്കുമിളകളാക്കുക തന്നെ ചെയ്തു.

അങ്ങനെയാണ് പണ്ടും പഠിച്ചിരിക്കുന്നത് ഒന്നും കാണാതെ കേൾക്കാതെ ഹൃദയം പൊട്ടിയൊഴുകുക അങ്ങനെയുള്ള ഈ ദുഃഖപുത്രിയ്ക്ക് എന്ത്  അളവുകോൽനയങ്ങൾ അല്ലെ,

വിരലെണ്ണി കണക്കുകൂട്ടി വെച്ചതൊക്കെയും തെറ്റിപ്പോയിരിക്കുന്നു. രാവുംപകലും കണ്ണിമ പൂട്ടാതെ ആകാശം നോക്കി കിടന്നു. വലിപ്പം വച്ചപ്പോൾ സർവ്വതും തല്ലി തകർക്കാനായിരുന്നു നിയോഗമെന്ന് മുൻകൂട്ടി കുറിച്ചുവച്ചതുമല്ല. അങ്ങനെയൊരു ദുർവിധി വന്നതിൽ എനിക്കും ദുഃഖമുണ്ട്.

കടലിന്റെ വായിലേക്ക് ഛർദ്ദിച്ചാൽ തീരാവുന്നതെയൊള്ളൂ എന്ന് മനക്കോട്ട കെട്ടി നീന്തി കയറിചെന്നപ്പോൾ കടലിന്റെ കട വാപിളർന്നു പോയത് ഞാനറിഞ്ഞില്ല. സകലതും വിഴുങ്ങി വിഴുങ്ങി വളർന്ന എന്നെ ഭയത്തോടെ കണ്ടിരുന്നവരോട്  നൂലു പോലെ മെലിഞ്ഞ എന്നെ വിഷം തീറ്റിച്ചതിനുള്ള ശിക്ഷയാണിതെന്ന്  പറയുന്നില്ല.  പക്ഷെ അഴുക്കുച്ചാലുകളും, മാലിന്യകുന്നുകളും കഴുകി കളഞ്ഞു മടുത്തു എന്നു തന്നെ പറയാം.
പ്ലാസ്റ്റിക് കൃമികീടങ്ങൾ പെരുകിപ്പെരുകി അടിവയറിനും കുടൽമാലകൾക്കും തുളകൾ വീഴ്ത്തി തന്നത് പോരാഞ്ഞ് ഉണക്കിപ്പഴുപ്പിച്ച് നീറ്റിക്കുന്നത്‌ എന്തിനുവേണ്ടിയാണെന്ന് ചോദിക്കാതിരിക്കാനാവില്ല. അത്രയേറെയാണ് വേദനയുടെ ചുരുക്കെഴുത്തുകൾ ഏകാന്തമായി എന്നിലൂടെ മുടന്തിനീങ്ങുന്നത്.

കണ്ണീര് വേണ്ടുവോളമുണ്ടല്ലോ യഥേഷ്ടം ഒഴുക്കി കളഞ്ഞൂടെയെന്ന് ചിരിച്ചു തള്ളിയവരോട് മുറിഞ്ഞുരഞ്ഞ വാക്കുകൾക്ക് ചായം പുരട്ടാതെ തന്നെ കോർത്തുകെട്ടി പറഞ്ഞൊതുക്കുകയാണ് ചിലതൊക്കെ. എന്റെ  മുടിനാരുകൾ പൊട്ടി പടർന്ന് പറന്ന് വീണ ഏടുകളെ, വിരൽപ്പാടുകൾ മുദ്രപതിപ്പിച്ച ഇടങ്ങളെ പടിയടച്ച് പിണ്ഡം വെച്ചപ്പോഴും, അവകാശവാദങ്ങളുയർത്തി വിലക്ക് തീർത്ത് കൺകുഴിയിൽ പരസ്യകാലുകൾ തീർത്തപ്പോഴും ഗർഭപാത്രമുടഞ്ഞ് ഞെരുങ്ങുന്ന വേദന  നിങ്ങൾ അറിഞ്ഞുവോ?
അതുകൊണ്ടാണ് ഓടിക്കയറാവുന്ന വഴികളിലൂടെയെല്ലാം കടന്നു കൂടിയത്.

നിറമില്ലാത്ത രക്തവും സ്വർണ്ണനിറമുള്ള തലച്ചോറും നിങ്ങളുടെ ഓർമ്മയിൽ അവശേഷിക്കുന്നുണ്ടോയെന്നറിയില്ല കാരണം അവ എന്റെ മാത്രമാണല്ലോ എങ്കിലും ഊറ്റിക്കുടിച്ചതിന്റെയും മാന്തിയടർത്തി പൊളിച്ചതിനുമായി രേഖപ്പെടുത്തി സൂക്ഷിക്കാത്ത അടയാളവക്കുകളെക്കുറിച്ച് പതം പറഞ്ഞ് നടുനിവർത്തുകയല്ല.
എനിക്ക് ആരും അന്യരല്ല, അതുകൊണ്ട് ഭ്രാന്തിയെപ്പോലെ മാനം നോക്കിക്കിടന്ന് നട്ടുച്ച നേരങ്ങളിൽ വികൃതിക്കൂട്ടങ്ങളെ മുക്കിക്കൊന്ന്  തള്ളുവാനും ഒടുവിൽ പൊന്തിപിടിച്ച് എന്നിൽ വെച്ചുകെട്ടി ജീർണ്ണിപ്പിച്ച് ഈച്ചകൾക്കും വെയിലിനും മഞ്ഞിനും ചിറക് വിടർത്തികൾക്കും ഇരിക്കാനൊരു ചേക്ക ഒരുക്കുവാനെനിക്ക് വയ്യ!

അല്ലെങ്കിൽ തന്നെ എനിക്ക് ഒരു പ്രാണനും പകർന്നെടുക്കുവാനാവില്ല അങ്ങനെയൊരു ദുർനിമിത്തമായി എന്നെ നിങ്ങൾ രൂപപ്പെടുത്തുകയാണോ?  മരണവും മലവും പേറി  തളർന്നവളിൽ ഇറങ്ങി നിന്ന്‌ രതിക്രീഡകളാൽ നേരം പോക്കുകളെ നിറവേറ്റുന്നവർ ഒന്ന്, മദ്യപാനത്തിന്റെ രസച്ചരടിൽ വെല്ലുവിളി മുദ്രാവാക്യങ്ങൾ മുഴക്കി സാഹസികതയുടെ   ഞെരമ്പുകളിൽ തെന്നി നിൽക്കുന്നവരുടെ വിഭാഗങ്ങൾ വേറൊന്ന്, പിന്നെയുമുണ്ട്  ആഘോഷത്തിന്റെ വെളിപ്പാടുകളിൽ ഒറ്റപ്പെടുന്നവരും വിധി വഹിച്ചത് തൽക്ഷണം ഏറ്റുവാങ്ങപ്പെട്ടവരും, പിന്നെ ഒടുവിൽ  ഞാൻ വരുന്നു നിന്നിലെക്കെന്ന് പറഞ്ഞ് ജീവിതമുപേക്ഷിച്ച് പുൽകിയവരുമാണ് എന്റെ നടുക്കയങ്ങളിലേക്ക് ദുർനിമിത്തങ്ങളെ മുക്കിവെക്കുന്നത്. എന്നിട്ടും തെറ്റുക്കാരി ഞാൻ മാത്രം
ആ ദുശ്ശീലത എന്റെ ജന്മവാസനയല്ലേ ശ്രദ്ധവെക്കേണ്ടത് എന്നെക്കാളുപരി നിങ്ങൾ അല്ലെ?

എന്നിട്ടും കുറ്റങ്ങളെല്ലാം എനിക്ക് മുന്നിലേക്ക് താഴ്ത്തുകയാണെന്നറിയാം. ചിലർ പലതും കൈയൊഴിഞ്ഞ് രഹസ്യമായി കല്ലിൽ കെട്ടിത്താഴ്ത്തി ഇരുട്ടിൽ മറയുന്നു.
വീണ്ടും വീണ്ടും ഇനിയുമത് ആവർത്തിക്കരുതെന്ന് ഒരപേക്ഷ മാത്രം- പുഴ പറച്ചിൽ അടങ്ങും മുൻപേ എവിടെന്നോ ഉയർന്ന ഇളിഞ്ഞ ചിരികൾ തലയുയർത്തുന്നത് കണ്ടു പിന്നെ ഒരു  ആക്രോശമായിരുന്നു

“ ആവർത്തിച്ചു എന്നോ എന്ത്? ഞങ്ങൾ എന്താണ് ആവർത്തിച്ചത് കവി ഹൃദയങ്ങളിൽ തരളിതയായി പാദസ്വര ചലനമുയർത്തിയവൾ എന്ന് എത്ര വട്ടം വാഴ്ത്തിയിരിക്കുന്നു? നിന്നെ കുറിച്ച്, പഠനപരീക്ഷണങ്ങൾ  നടത്തി യശസ്സ് വർദ്ധിപ്പിക്കാനെ ശ്രമിച്ചിട്ടൊള്ളൂ എക്കാലത്തും എന്നിട്ടും ഈ കൊലച്ചതി  ഞങ്ങളോടൊ, നിന്നെക്കുറിച്ചോർക്കാത്ത നാളുകൾ ഒന്നുപോലും ഞങ്ങൾക്കുണ്ടായിരുന്നില്ല എന്നിട്ടും അതൊന്നും കാണാതെ കേൾക്കാതെ”

തന്നിലേക്ക് നീണ്ടുവരുന്നത് അടക്കം പറയുന്നവരുടെ പുളിച്ച കലമ്പലാണെന്ന് അറിയാം എങ്കിലും പൂരിപ്പിക്കാനാവാത്ത കുത്തുവാക്കുകൾക്കിടയിൽ നിവർത്തി പറയുന്നവരുമുണ്ടാകാം പറഞ്ഞോളൂ,  ദുഷിച്ചവയായി ഓർമ്മയിൽ നിന്നെടുത്തെറിഞ്ഞവയൊന്നും ഞാൻ മാത്രമായി ഒരുക്കിയെടുത്തതാണെന്ന് പറയുന്നില്ല. മഴകുഞ്ഞുങ്ങളെ അടക്കിപ്പിടിച്ച് വളർന്നപ്പോൾ മുക്കികളഞ്ഞവയിൽ കവർന്നെടുത്തവയിൽ കുറച്ച് ജീവനുകൾ  കൂടി എന്നറിഞ്ഞതിൽ മാപ്പ്. അല്ലെങ്കിൽ മാപ്പ് പറഞ്ഞാലും തിമിർത്തൊരു  മഴപെയ്താൽ വീണ്ടും മാപ്പ് പറയേണ്ടി വരുന്നവളാണ് ഞാനെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും അല്ലേ.

എന്നിൽ അഭയംതേടുന്നവരെ കണ്ണീരണിയിക്കാനെനിക്കറിയില്ല ഓർത്തുകൊള്ളുക തല്ലി പടർന്നൊഴുകി പകൽനേരങ്ങളിൽ എന്നെ വഹിക്കുന്ന ശക്തിയെ മയപ്പെടുത്തിയെടുക്കാനെ ഞാൻ ശ്രമിച്ചിരുന്നുള്ളൂ. അതിൽ ഞാൻ പരാജയപ്പെട്ടു എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ സംഹാരകേളികൾക്കൊടുവിൽ   കാഴ്ച നഷ്ടപ്പെട്ട വൃദ്ധമാതാവായി ഞാൻ തീർന്നിരിക്കും. പൊള്ളിക്കരിക്കുന്ന വെയിൽച്ചൂടിൽ എന്റെ ഒട്ടിയ വയറിലെ കുരുക്കൾ നിങ്ങൾ തിരിച്ചറിയും ഇളകിയടർന്ന നഖങ്ങളും പല്ലുകളും എണ്ണം തിരിച്ച് നിങ്ങൾ വാരിയെടുക്കും. എന്റെ മുലയുണ്ട് കഴിഞ്ഞവരിൽ ഏറെപേരും എന്റെ അഴുക്കുചേലയിലേക്ക് തുപ്പലെറിഞ്ഞ് രസിക്കും. ഞാൻ  വാരിവിതറിയ സ്വർണ്ണനിറമുള്ള തലച്ചോറിൽ നിങ്ങൾ പുതുഇടങ്ങൾ കെട്ടിയൊരുക്കും, വെറുപ്പിന്റെ ദൃഷ്ടിയിൽ ഉപേക്ഷിച്ചു മടങ്ങിയ മാലിന്യങ്ങളിൽ പുതുവിളകൾ നിങ്ങൾക്ക് ശോഭവിടർത്തും ഞാൻ വിതറിയിട്ട് എന്ന് ആരോപിച്ച് കണ്ടെത്തിയ  രോഗവാഹകരെ കുറിച്ച് പറഞ്ഞ്  എന്നെ ശപിക്കും  ഒടുവിൽ മഹാമാരി തന്നുപോയവൾ എന്ന് പുലമ്പി ആതുരാലയങ്ങളിലേക്ക് നിങ്ങൾ ചേക്കേറും ശാപം തെന്നിച്ച വാക്കുകൾ പകർന്നു വച്ച് പിൻവാങ്ങും മുൻപ് പിന്നെയും എന്തിനാണ് ഇനിയും ഒരു നീരസം പറച്ചിൽ എന്ന് തോന്നാം അല്ലേ.

എന്നാൽ അങ്ങനെയല്ല അനുഭവിച്ചവൾ ഞാനല്ലേ അപ്പോൾ പിന്നെ പറയുന്നതിൽ വിരോധമരുതേ,   എന്നുടെ കണ്ണീർമുത്തുകൾക്ക് വ്യത്യസ്ഥത തിരിച്ചറിയാനാവില്ലല്ലോ  അല്ലെങ്കിൽ തന്നെ ഞാൻ ചിരിക്കുന്നതായും  കരയുന്നതായും നിങ്ങൾക്കെന്നാണ് തോന്നിയത് ഇളകിമറിഞ്ഞൊഴുകിയ എന്നിലേക്ക് മുങ്ങിനിവർന്ന്  ഉദകം പകർന്നവരുടെ ഉള്ളം വേവുന്നത് അടുത്തറിഞ്ഞവളാണ് ഞാൻ,
ഈ കരയിൽ ഞാൻ പുൽകിയ എന്നെ തൊട്ടറിഞ്ഞ മണ്ണിന്റെ  മക്കളോട് ഒരുവാക്ക്  എന്നോട് വെറുപ്പ് അരുതെ!

മാറിമറിഞ്ഞൊരമ്മയുടെ വികൃതികൾക്ക്‌ മുൻപിൽ നിങ്ങളേവരും മനുഷ്യരായി മാറി. പതറാതെ പരിഭവങ്ങൾ പറയാതെ രാവും പകലും ഉള്ളത് പങ്കുവച്ച് ഉള്ളം നിറയെ നന്മ പറഞ്ഞ് ഒരു മനസ്സോടെ കരങ്ങൾ ചേർത്തുപിടിച്ച് മനുഷ്യച്ചങ്ങലകളുടെ സ്നേഹക്കൂടുകൾ നിങ്ങൾ ഒരുക്കിയെടുത്തു. സമ്പത്തും സർവ്വാധികാരങ്ങളും കാറ്റിൽ പറത്തിവിട്ട് പെയ്തൊഴിയാത്ത മഴയിലൂടെ നാളെയിൽ പ്രതീക്ഷയൊരുക്കി നിങ്ങൾ നടന്നുകയറി.
ആഹ്ലാദച്ചുവയുള്ള ഭാഷണങ്ങളിൽ ഞാൻ നിങ്ങളെ അലങ്കരിക്കുന്നതല്ല നിങ്ങൾ നിങ്ങളെ അടുത്തറിഞ്ഞു മതിലുകൾക്കുള്ളിൽ പൂട്ടിവച്ച ബന്ധങ്ങളെ തിരിച്ചറിഞ്ഞു. നന്ദിയുണ്ട് ഒരുപാടേറെ നിങ്ങളിലെ നന്മ വെളിച്ചങ്ങൾ ഞാൻ അടുത്തു കണ്ടു. ഓരോണനാളിൽ ഒന്നുചേർന്ന് ഒരുമിച്ചു ചേർന്ന മക്കളെ ഈ കേരളമണ്ണിനെക്കുറിച്ച് നിങ്ങളെക്കുറിച്ച് വാനോളം അഭിമാനമുണ്ട്.

എന്റെ കുഞ്ഞുങ്ങളെ,

പ്രളയക്കെടുതികൾ നിങ്ങളെ തളർത്തുന്നുണ്ടാവും എന്റെ വിടവാങ്ങലിന്‌ വേണ്ടി നിങ്ങൾ മനം തളർന്ന് ചിന്തിക്കുന്നുണ്ടാവും   അറിയാം ഞാൻ തള്ളി കളഞ്ഞ മാലിന്യങ്ങളെ അകങ്ങളിൽ ഉപേക്ഷിച്ചെറിഞ്ഞത് തിരിച്ചെടുക്കാനാവാതെ നിസ്സഹായായി  ഞാൻ വിടവാങ്ങുന്നു. എനിക്ക് മാപ്പ്‌ തരിക.
നിങ്ങളെക്കുറിച്ചാണ് എനിക്കെന്നും ഓർക്കാനും പറയാനുമുള്ളത് നിങ്ങളുടെ പകയും, പഴിചാരലും വാശിയും വൈരാഗ്യബുദ്ധിയും  കവിഞ്ഞൊഴുകുന്ന സ്വാതന്ത്ര്യത്തിന്റെ വിവർണ്ണനാളുകളെക്കുറിച്ച് നിങ്ങൾക്ക് പൂർണ്ണബോധമുണ്ടാകും. എങ്കിലും അത്തരം വേളകൾ ഞാൻ ഓർക്കാനിഷ്ടപ്പെടുന്നില്ല. പലപ്പോഴും നിങ്ങൾ നിങ്ങൾ എന്ന് ചൂണ്ടിപറഞ്ഞത് വേർതിരിച്ച് കാണുവാൻ വേണ്ടിയല്ല പരസ്പരമുള്ള വേർതിരിവ് മനസ്സിലാക്കുവാനാണ്. സ്നേഹമാണെനിക്കെന്നും എന്റെ  കുഞ്ഞുങ്ങളോട് ഇനിയുമൊരു മഴയും കരിങ്കാറുകളുടെ ഇരുളിമയും എന്നെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുമായിരിക്കാം. അല്ലെങ്കിൽ ഇനി അടുത്തൊരോണനാളിന്റെ തുടക്കത്തിൽ ഒരോർമ്മ പുതുക്കലിന്റെ  ദുഃഖകനിയായ് ഒതുക്കിനിർത്തപ്പെട്ടെന്നും വരാം. അത് ഇനി പൂരിപ്പിച്ചു നീട്ടുന്നില്ല വാക്കിനൊടുവിലൊരു വാക്ക് ഇനിയും ശപിച്ചിടരുതെ എന്നൊരു നീർത്തുള്ളി തണുപ്പ് നീട്ടിയെറിഞ്ഞു കൊണ്ട് പതുക്കെ  മെലിഞ്ഞു കൊള്ളട്ടെ ഞാൻ.

എന്ന്,
സ്വന്തം... പുഴ

പുഴ പറഞ്ഞ് അവസാനിപ്പിച്ചതിലൂടെ സിന്ധുമുഖി  പുഴയെഴുത്തിലേക്ക് ലയിച്ചിരുന്നു പോയി. കഥാമത്സരത്തിന്റെ ഭാഗമായി ചേർത്തുവച്ച കഥകൾ ഓരോന്നായി മാറ്റി മറിച്ചു നോക്കുന്ന ജഡ്ജിംഗ് പാനലിലെ പതിനൊന്ന് മെമ്പേഴ്സിൽ ഓരോരുത്തരും അക്ഷരങ്ങൾക്കിടയിൽ തെറ്റുവീഴ്ചകൾ നിരത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് യുവകവയിത്രിയുടെ കൈകളിലേക്ക്  “ പ്രളയക്കെടുതിയ്ക്കൊടുവിലൊരു പുഴപറഞ്ഞത് ” എന്ന കഥ എത്തിപ്പെട്ടത് ഒറ്റയിരിപ്പിന് ഓടിച്ചിട്ട് വായിച്ചുതീർത്തു.  എഴുത്തിനുടമയോട് വല്ലാത്ത ബഹുമാനം തോന്നി. കഥ നന്നായി ആസ്വദിച്ചു.

“ശരിയായ നിർവ്വചനമല്ലേ... ഈ പുഴ പറയാതെ പറഞ്ഞത് നല്ലൊരു കഥയാണിത്, ഒന്നാം സ്ഥാനത്തിനുള്ള എന്റെ  മാർക്ക് ഈ കഥയ്ക്ക് നൽകുന്നു”

ചില്ലുമേശക്ക് ചുറ്റുമിരുന്നവർ മുഖമുയർത്തി.

നിയുക്തപാനലിലെ കന്നിക്കാരി അഭിപ്രായപ്പെടുത്തിയ കഥയെ കൈമാറി നോക്കി കണ്ടു. തിരക്ക് പിടിച്ച എത്തിനോട്ടത്തിനിടയിൽ അവർ വിധിച്ചു.

“അത്ര വലിയ സ്കോപ്പൊന്നും ഈ കഥയിൽ ഇല്ല”

“അതേ കഥ തീർന്ന രീതി തന്നെ വളരെ പഴഞ്ചനാണ് കത്ത് മാതൃക എത്രവട്ടം കണ്ടിരിക്കുന്നു”

പാനൽബോർഡിലെ രണ്ടുപേരുടെയും മുഖത്തെ പരിഹാസച്ചുവയുള്ള അഭിപ്രായങ്ങൾക്ക്  മറുപടി പറയാതെ എഴുതിച്ചേർത്ത ഫസ്റ്റ് പ്രൈസ് എന്ന ചുവന്ന മഷിയെഴുത്തിനെ  കൂടുതൽ കടുപ്പിച്ചു കൊണ്ടിരിക്ക വീണ്ടും അവർക്കിടയിൽ മുറുമുറുപ്പ് ഞെരുക്കം സൃഷ്ടിച്ചു.

“ പ്രളയമാണ്  നമ്മുടെ വിഷയമെങ്കിലും ഇതിൽ നിറയെ നിരാശയോടെ ആവർത്തനവിരസത മാത്രമല്ലേയുള്ളൂ. അതിജീവനത്തിന്റെ മനുഷ്യകൂട്ടായ്മ കുറേക്കൂടി ഭംഗിയായി അവതരിപ്പിക്കണമായിരുന്നു”

ബോർഡിലെ ജനറൽ അംഗത്തിന്റെ ശബ്ദമുയർന്നതും  കൂടെയുള്ളവരും അത് ഏറ്റുപറഞ്ഞു.

“ പ്രോത്സാഹനസമ്മാനം പോലും ഈ കഥയ്ക്ക് ഇല്ലാട്ടോ… സിന്ധു നീ അത് തിരുത്തണം”

എത്ര പെട്ടെന്നാണ് ഈ വിഷയം ഇത്രയും രൂക്ഷമായത് അത്ര മോശമായ ഒരു എഴുത്താണോ?  ഇത് പുഴയ്ക്ക് പറയാനുള്ളത് ഇവിടെ എഴുത്തുകാരൻ പറഞ്ഞുപോയതിനെന്താണ്  കുറവ്? വിവരിച്ചുപറയുന്നതൊന്നും  പിടികിട്ടുന്നില്ല. സിന്ധുമുഖിയുടെ മനസ്സിൽ കൂടുകെട്ടിയവയെല്ലാം അവരോട് നിവർത്തി പറയുമ്പോൾ അവർ എണ്ണിചോദിച്ച കണ്ടുപിടുത്തങ്ങൾ  നീറ്റൽ പടർത്തുന്ന ഒരു ചെറുപട്ടികയായ്  രൂപപ്പെടുത്തുകയായിരുന്നു.

ശീതീകരിച്ച മുറിക്കുള്ളിൽ നിന്നും പുറത്തുകടക്കണമെന്ന് തോന്നി പാനലിൽ അംഗമാകാൻ പാടില്ലായിരുന്നു. അറിയപ്പെടാതെ പോകുന്ന എഴുത്തിടങ്ങളിൽ തളിരിടുന്നവയെല്ലാം വേര് മുറിഞ്ഞുപോകുന്നതിന്റെ കാരണങ്ങൾ ഇത്തരം കണ്ടുപിടുത്തച്ചുറ്റുപാടുകളാണെന്ന് സിന്ധുവിന് മനസ്സിലായിരിക്കുന്നു.

“തന്റെ പേരിൽ ഒരു നദിയുണ്ട് അതാവും ഈ കഥയോട്  ഇത്ര മതിപ്പ് അല്ലേ? ”

“അതെ അത് തന്നെ സിന്ധുനദിതടസംസ്ക്കാരം ഫെയ്‌മസല്ലെ”

“പുഴയുടെ തലച്ചോറാണ് മണൽ എന്ന് പറഞ്ഞിരിക്കുന്ന   കഥയിൽ മനുഷ്യന് ഒരു പ്രാധാന്യവുമില്ല... മണലുകൾ കുറഞ്ഞുകുറഞ്ഞ് പുഴയ്ക്ക് സ്പേയ്സ് കൂടിയത് കൊണ്ട് ജീവനെങ്കിലും തിരിച്ചുകിട്ടി അല്ലെങ്കിലോ? ”

“ അല്ല ഒന്ന് ചോദിച്ചോട്ടെ, ഈ പറഞ്ഞ  എഴുത്തുകാരനെ കവയിത്രിക്ക് പരിചയമുണ്ടാവും, അല്ലാതെ... ഈ കഥയ്ക്ക് മാത്രം ഫുൾമാർക്ക്”

“ജൂറിപാനലിന്റെ നിയമസാഹചര്യം അറിയാത്ത കന്നിക്കാർ അല്ലെങ്കിലും അങ്ങനെയാണ്”

ചോദ്യങ്ങളും ഊഹങ്ങളിൽ ഊന്നി നിന്നുള്ള പുച്ഛസ്വരചിഹ്നങ്ങളും നിവർത്തി കാണിച്ചു തന്ന ചെറുപട്ടികയായി വരഞ്ഞിട്ട് കിട്ടിയവ ഉളളിൽ നീറ്റൽ പടർത്തി തെളിഞ്ഞുനിന്നു.

“ദളിത് രചനകളിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കാവൂ”

അവസാനമായി കേൾക്കേണ്ടി വന്ന കടുംപ്രയോഗത്തിനൊടുവിൽ കുറേക്കൂടി വ്യക്തമായി. പരിഹാസച്ചിരികൾ മുഴങ്ങി.

ജാതിമതവർണ്ണവർഗ്ഗബോധ പൂപ്പൽ ബാധകൾ ബാധിച്ചവരിൽ നിന്നും ആവർത്തിച്ചു കേൾക്കേണ്ടി വന്ന മനുഷ്യത്വം എന്ന പ്രയോഗം നാവിൽ ഉമിനീരിന്റെ വഴുപ്പ് ഉളവാക്കിത്തന്നു. ഒന്നും പറയുവാനുണ്ടായിരുന്നില്ല  സ്ഥാനഭ്രഷ്ട്ടനാക്കപ്പെട്ട കഥയുടെ താളുകൾ കാറ്റിൽ ഇളകികൊണ്ടിരുന്നു. എറിഞ്ഞിട്ടു തന്ന കണ്ടുപിടുത്തപറച്ചിലുകൾക്ക് നന്ദി പ്രളയത്തിരയിളക്കത്തിന്റെ ചലനം ഈ നിമിഷവും അനുഭവപ്പെടുന്നു.

മനുഷ്യനല്ലതാവുന്നവർ  പ്രളയക്കെടുതികൊണ്ട് ചുറ്റിവരഞ്ഞുവെന്ന മുറിവിൽ നീറ്റിയിരിക്കാതെ കഥകളിലെ വേരുകളറുത്തുകളയാൻ മടിയില്ലാത്തവരോട്   തുറന്നുപറയാൻ കൂടുതലായി ഒന്നുമില്ലാതെ പുഴയുടെ വാക്കുകൾക്ക് പിറവി നൽകിയ എഴുത്തുക്കാരന്റെ പേര് ഓർമ്മയിൽ ചേർത്തു വച്ചു.  ഞാനുമിതുപോലെ നല്ല വാസന കുറഞ്ഞ മണ്ണിൽ ചവിട്ടിയാണ് നടന്നത്. അന്ന് എന്നെ
ഉയർത്തിപ്പിടിച്ച് തന്നവരെ ഒരിക്കലും മറക്കില്ല എന്ന ഉൾവാചകം  ഉരുവിട്ടുകൊണ്ട്  ഇരുനിലകെട്ടിടത്തിന്റെ പടിക്കെട്ടുകളിൽ  നിന്നും വഴുതിയിറങ്ങി സിന്ധുമുഖി ഒരു പുഴ കാണാനുള്ള തിടുക്കത്തോടെ മുന്നോട്ട് ഒരു പുഴ പോലെ ഒഴുകി പ്പരന്നു.

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image