Image

ഇരട്ട ജീവിതം കറുപ്പാലെഴുതിയവ

 

ഓടക്കുഴൽ പുരസ്കാരം നേടിയ എസ്.ജോസഫിന്റെ 'ചന്ദ്രനോടൊപ്പം' എന്ന കവിതാസമാഹാരത്തെ വായിക്കുന്നു.

''കാടിന് ഞാനെന്തു പേരിടും
 കാടിന് ഞാനെന്റെ പേരിടും
 പേരുകൾ ചന്ദ്രന്റെ കൂടെ നടക്കുന്നു"

എന്നെഴുതിയ പ്രകൃത്യുപാസകനായ കവി ഡി.വിനയചന്ദ്രനോടൊപ്പം സഞ്ചരിക്കുന്നതാണ് തന്റെയും സർഗ്ഗചേതന എന്ന് 'ചന്ദ്രനോടൊപ്പ'ത്തിന്റെ ആമുഖത്തിൽ കവി എസ്.ജോസഫ് പറയുന്നു

കീഴ്വഴക്കം പോലെ അനുവർത്തിക്കപ്പെടുന്ന കവിതയിലെ, പ്രകൃതിബോധത്തിന്റെയും കരുതിക്കൂട്ടിയുള്ള പരിസ്ഥിതി സ്നേഹത്തിന്റെയും കാപട്യങ്ങളിൽ നിന്ന് മാറിനടക്കാൻ, ചിന്തിക്കാൻ, എഴുതാൻ വിനയചന്ദ്രൻ കാണിച്ച ആർജ്ജവത്തെ അതിനേക്കാൾ തീവ്രമായ ആത്മവത്തയോടെ ഉൾക്കൊള്ളുന്നു ജോസഫിലെ കവിസ്വത്വം.

തന്റേതായ ചെറിയ ഇടങ്ങളെ വലംവച്ച് അവിടെ തന്നെ തണുവും താളവുമായി മാറുന്ന കൈത്തോടുകൾ പോലെ തെളിമയുള്ള കവിതകളാണ് എസ്.ജോസഫിന്റേത്. ആ കവിതകളിൽ ഓരോ വാക്കിലും വരിയിലും നിറയുന്നത് ഏച്ചുകെട്ടുകളില്ലാത്ത ഗ്രാമ്യഭാഷയുടെ ലയവും തന്റെ വേരുകളോടിയ മണ്ണിൽനിന്നുൾക്കൊണ്ട ഊർജ്ജവുമാണ്.

'' പുഴകളോടൊപ്പം
ഞാൻ പോയില്ല
തോടുകളുടെ
കവി മാത്രമാണ് ഞാൻ
കുഞ്ഞു കവി...."

എന്ന് എളിയവരിൽ എളിയവനായി നിന്നുകൊണ്ട്, സ്വന്തം തോടുകളെന്ന് വിളികൊള്ളുന്നവയെ, പച്ചിലക്കുടുക്കയുടെ 'കുട്രൂ കുട്രൂ' വിളികളുടെ ഉറവിടങ്ങളായ മലകളെ, കുന്നിലിരുന്നാൽ കാണാൻ കഴിയുന്ന തന്റെ ഗ്രാമത്തെ, കുളക്കരയിൽ ഏറെക്കാത്താൽ മാത്രം കാണാനാവുന്ന കുഞ്ഞുമീൻചാട്ടത്തെ, വേർത്ത കച്ചിയുടെ മണമുള്ള കാറ്റിനെ... അങ്ങനെയങ്ങനെ...
പ്രകൃതിയെ കാഴ്ചയെന്ന്, ഒച്ചയെന്ന്, ഗന്ധമെന്ന്, സ്പർശമെന്ന്... പകർത്തിപ്പകർത്തി വരികളാക്കുകയാണ് കവി.

പരിസ്ഥിതി സൂചകമായ Ecology എന്ന പദത്തിന്റെ മൂലരൂപമായ ഗ്രീക്കു ഭാഷാപദം, EiKos ന് അർത്ഥം വീട് എന്നാണ്. പ്രകൃതി വീടായും തിരിച്ചും രൂപാന്തരപ്പെടുന്നതിന്റെ വിഭിന്ന മനോഹര ദൃശ്യങ്ങൾ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകളിൽ. ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിലെ അതേ പേരുള്ള കവിതയിൽ കടന്നുപോന്ന കാതങ്ങളിലെല്ലാം തനിക്കൊപ്പം നടന്ന ചന്ദ്രനെ വീടിന്റെ സാക്ഷയിടുമ്പോൾ പുറത്താക്കേണ്ടി വരുന്ന കാഴ്ചയായല്ല വീടിനുള്ളിലും തെളിയുന്ന ചാന്ദ്രപൂർണ്ണിമയായി കവി എഴുതുന്നു. പ്രകൃതിദർശനമെന്നത് സ്വത്വബോധം പോലെ സഹജാവബോധമെന്ന് ആ കവിത വിളിച്ചുപറയുന്നു.

'ഏറ്റവും പ്രിയപ്പെട്ടവ' എന്ന കവിത ഇങ്ങനെ പറയുന്നു..

'' ഞാൻ വീടുവെച്ചചെരിവിൽ
ഒരു വലിയ കാഞ്ഞിരമുണ്ട്...
അതിൽ കാക്കത്തമ്പുരാട്ടി
കൂടുകൂട്ടുന്നു...
ഞാൻ പ്രയാസപ്പെട്ട് ചെയ്തത്
നിസ്സാരമായി
കാണിച്ചു തരികയാവാം"

പ്രകൃതിയുടെ അനായാസ വിസ്മയങ്ങളുടെ ലളിതമായ നേർപ്പകർച്ചയെ, മനുഷ്യന്റെ ആയാസ വിഹ്വലതകളുടെ ദീർഘനിശ്വാസങ്ങളോട് നിഗൂഢതകളേതുമില്ലാതെ ചേർത്തുവായിപ്പിക്കുന്ന ഇത്തരത്തിലൊന്ന് മലയാള കവിതയിൽ ഏറെയൊന്നുമില്ലാത്തതാണ്.

''പതിവുപോലെ
വീടുവെയ്പ്പിനെപ്പറ്റി
പറഞ്ഞുകൊണ്ട്
ഹാളിലെ മരത്തൂണിൽ ചാരി
ഭാര്യ നിന്നപ്പോൾ
ശരിക്കുമൊരു മരത്തിൽ
ചാരിയാണവൾ നിൽക്കുന്നത്
എന്നു തോന്നി".

എന്നു 'വഴിയരികിൽ' എന്ന കവിതയിലെഴുതുന്നു. വീടിനെക്കുറിച്ചെഴുതുന്നതെല്ലാം മരത്തെക്കുറിച്ചാവുന്നത് ആകസ്മികമായി സംഭവിക്കുന്നതല്ല.

''ശലഭപ്പുഴുവിന്റെ
കൂട്ടിനുള്ളിലെ
സുഖം കൊതിച്ചു പോവുന്ന,
കീരിയും പാമ്പും
ശലഭങ്ങളും
ഞൗണിക്കയും ആരോനും
കുളക്കോഴിയൊച്ചകളും"

നിറഞ്ഞ ജീവലോകത്തിന്റെ അതിസ്വാഭാവികമായ തുറന്നെഴുത്താണവിടെയുണ്ടാവുന്നത്.

 പ്രകൃതിയെ എഴുതുമ്പോൾ ചിത്രമാകാൻ വെമ്പുന്ന കവിതകളാണ് എസ്.ജോസഫിന്റേത്. മണ്ണിൽ ആഴത്തിൽ വേരോടിയിട്ടുള്ളതിന്റെ ബലത്തിൽ മനുഷ്യനോ ഇതര ജീവജാലങ്ങൾക്കോ അസാധ്യമാം വിധം ചരിഞ്ഞുനിൽക്കുന്ന മരത്തിന്റെ ദൃശ്യചാരുത വെളിവാക്കുന്ന 'നിൽപ്പ്' എന്ന കവിത,
നനഞ്ഞ മരങ്ങൾക്കും കിളികൾക്കും ചോട്ടിൽ നനഞ്ഞു മുതു വളച്ച് നിൽക്കുന്ന പശുവിന്റെയും അതിനെ കുടയാക്കിയ കിടാവിന്റെയും വീടു നോക്കിയുള്ള നിൽപ്പ് വരയ്ക്കുന്ന 'പ്രതീക്ഷ' എന്ന കവിത,

ചുറ്റുപാടുകളിലെ നിശ്ചലതയുടെ 'ചരട് 'കൈയ്യിൽ പിടിച്ചു കൊണ്ട് ചൂണ്ടയിടുന്ന പയ്യനെ എഴുതുന്ന ' ചരട് ' എന്ന കവിത

''പുഴയ്ക്കരികേ,
പഴുക്കാമരങ്ങൾ നിരക്കുന്നൂ...
ഇടയ്ക്ക് ചാണകം
മെഴുകിയ വീടുകൾ
പുഴയോരത്ത്
വിറകൊടിക്കുന്ന ഒരു സ്ത്രീ
നടപ്പാതയിലെ ചതുപ്പിൽ കവുങ്ങിൻതടി
കീറിയിട്ടിരിക്കുന്നു... "

എന്ന് വരയ്ക്കുന്ന കാതലെന്ന കവിത... ഇങ്ങനെ ചിത്രസന്നിവേശം നടത്തുന്ന ഒട്ടേറെ കവിതകൾ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിലുണ്ട്. ദൃശ്യപരത രൂപവുമായാണ് പ്രത്യക്ഷ ബന്ധം പുലർത്തുന്നത്. രൂപമെന്നത് അസ്തിത്വവും നിലനിൽപ്പും ഉള്ളവയ്ക്കു മാത്രമാണ്. അവ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അരികുമാറ്റപ്പെട്ട തന്റെ വംശത്തെക്കുറിച്ചുള്ള വിഹ്വലതകളും ചന്ദ്രനോടപ്പത്തിലെ കവിതകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു.

''അദൃശ്യനായി-
ക്കൊണ്ടിരിക്കയാണ് ഞാൻ
എനിക്കിനി ശബ്ദത്താലേ തിരിച്ചറിയപ്പെടാൻ പറ്റൂ"

എന്നെഴുതുമ്പോൾ ''കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങളെന്ന്" തന്റെ വംശത്തിന്റെ അദൃശ്യതയെപ്പറ്റി തന്നെ വേപഥു പൂണ്ട പൂർവ്വ ഗാമിയായ കവി പൊയ്കയിൽ അപ്പച്ചന്റെ വരികളിലെ സങ്കടത്തിന് ഉറച്ച ശബ്ദത്തിൽ ഉറക്കെയുള്ള വിളിച്ചു പറയലുകളാലല്ലാത്തെ അടയാളപ്പെടാനാവില്ലെന്നും അതിജീവനമസാധ്യമെന്നും നൂറ്റാണ്ടു ശേഷമുള്ള തുടരെഴുത്താവുകയാണ് കവിത. വർണ്ണ വർഗ്ഗ ആഭിജാത്യങ്ങളെ കവിതയുടെ പാരമ്പര്യമെന്ന് സാധൂകരിക്കുന്ന സുദീർഘ ചരിത്രമാണ് മലയാള കവിതയ്ക്കുള്ളത്

''വലിയ കെട്ടിടങ്ങൾ പോലെയും
വലിയ ലക്ഷ്യങ്ങൾ
കടുംപിടുത്തങ്ങൾ..
പരാതികൾ,
പേശീബലങ്ങൾ
വാദകോലാഹലങ്ങൾ.."

ഒക്കെയോടു കൂടിയവയുമായ മലയാള കവിതയോട്, നിഗൂഢതകളേതുമില്ലാത്ത നാട്ടുമൊഴിവഴക്കങ്ങളിലൂടെ, തന്റെ പരിമിതികളുടെ ഇടം കൂടിയായ ദേശത്തെയും വംശത്തെയും ആവർത്തിച്ചു പ്രമേയങ്ങളാക്കി നടത്തുന്ന ചെറുകലാപങ്ങളാണ്, ഒറ്റയാൾ പോരാട്ടങ്ങളാണ് എസ്.ജോസഫിന്റെ കവിതകൾ.

ലോകത്തെവിടെ ദുരന്തമോ യുദ്ധമോ പരിസ്ഥിതിനാശമോ ഉണ്ടായാലും അതിനെ അപലപിച്ചു കവിതയെഴുതുക, മലയാളത്തിലെ കവികൾ വലിപ്പച്ചെറുപ്പമില്ലാതെ തുടർന്നുവരുന്ന കീഴ്വഴക്കമാണ്. ഇത്തരത്തിലെഴുതപ്പെട്ട അനേകം കവിതകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിഷയത്തിന്റെ ഗൗരവം കൊണ്ട് തങ്ങളുടെ കവിതക്ക് ഇല്ലാത്ത ആഴവും ഗഹനതയുമൊക്കെ ആസൂത്രിതമായി ഉൾച്ചേർത്തുള്ള കൃത്രിമവും ആത്മാർത്ഥ ലേശവുമില്ലാത്ത ശ്രമങ്ങളാണ് അവയിലേറെയും. ഇത്തരം കപട കാവ്യയത്നങ്ങൾക്ക് ഉത്തമോദാഹരണമാണ് 1914ൽ അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിൽ 'മരിച്ച' മാർത്തയെന്ന ലോകത്തിലെ അവസാന ദേശാടനപ്രാവിനു വേണ്ടി 1993 ൽ വിജയലക്ഷ്മി എഴുതിയ 'മാർത്ത' എന്ന കവിത... ഈ കവിതയുടെ കൃത്രിമത്വമെത്രയെന്ന് അറിയണമെന്നുള്ളവർ, വംശനാശം വന്നുവെന്നു കരുതിയ ചില നാട്ടുമീനുകളെ കണ്ടെത്തിയതായി വന്ന പത്രവാർത്ത കോളേജിന്റെ ചുവരിൽ ഒട്ടിച്ചിരിക്കുന്നതു കാണുമ്പോൾ ''നാളെ ഇതുപോലൊരു വാർത്തയാവില്ലേ എന്റെ വംശവും എന്നോർത്ത്" ആരും കാണാതെ കരയുന്ന, ആകുലനാവുന്ന എസ്.ജോസഫിന്റെ കവിതയിലെ നൈസർഗ്ഗികവ്യാകുലതയെ ചേർത്തു വായിക്കുക തന്നെ വേണം.

''തല കണ്ടാൽ പാമ്പിനെ പോലെയും
വാലുമീനിനെപ്പോലെയുമായ
മനഞ്ഞിലെന്നു പേരായ മത്സ്യം
മീനുകളുടെ കൂടെ വാലു കാണിച്ചും
പാമ്പുകളുടെ കൂടെ തല കാണിച്ചും
നടന്നാലും ഏറെക്കാലം
ആരുംകൂടെ കൂട്ടാറില്ല "

എന്ന് 'മനഞ്ഞിൽ' എന്നു പേരായ കവിതയിൽ
എഴുതുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാകയാൽ  തങ്ങൾ ഉപേക്ഷിച്ചുപോന്ന ഹിന്ദു മതത്തിലിപ്പോഴും തുടരുന്ന സഹോദരങ്ങളോ, ദലിതരായിരുന്നവരെന്നതിനാൽ ചെന്നു ചേർന്നിടത്തെ ക്രൈസ്തവരോ പൂർണ്ണമായും കൂട്ടത്തിൽ കൂട്ടാത്ത, രണ്ടു ജീവിതം ജീവിച്ചു തീരുന്ന, താനുൾപ്പെടുന്ന ദലിത് ക്രൈസ്തവരുടെ പ്രതീകമായാണ് കവി കവിതയിലെ മനഞ്ഞിലിനെ എഴുതിയിരിക്കുന്നത്. കീരിയെന്ന കവിതയിലും പാതി മൃഗവും പാതി മനുഷ്യരുമായി പരിഗണിക്കപ്പെടുന്നവരുടെ ഇരട്ട ജീവിതത്തിന്റെ ഉള്ളുപൊള്ളലുകൾ പകർത്തിവയ്ക്കപ്പെടുന്നുണ്ട്.

'' മനുഷ്യർ മൃഗമെന്ന് കരുതി അറയ്ക്കുകയും
മൃഗം മനുഷ്യനെന്നു കരുതി
പേടിക്കുകയും ചെയ്യുന്ന"

ഈ നശിച്ചജീവിതം വെടിഞ്ഞു പോകണമെന്നു ഹതാശനാവുന്നത്, മനുഷ്യലോകവും ഭാഷയും ഉപേക്ഷിച്ച് അപമാന ഭീതിയില്ലാതെ പതുങ്ങാൻ തെളിച്ചെടുക്കപ്പെടാത്ത ഇടങ്ങൾ ധാരാളമുള്ള കീരിയുടെ ഉടലും വംശവും നേടി, മുഴുമൃഗമായി വെളിച്ചത്തോടും വഴികളോടും പിൻവലിയലാൽ പൊരുതണമെന്ന് ആശിക്കുന്നത്, മൃഗങ്ങളേക്കാൾ ദാരുണമാണ് ചെറിയ മനുഷ്യരുടെ ജീവിതങ്ങൾ എന്ന് സ്വയം മുറിവാകുന്നതു കൊണ്ടാണ്. കവിതയാൽ ആ മുറിവ് ഹൃദയത്തിലേൽക്കയാൽ അത്രമേൽ നീറ്റലോടല്ലാതെ അക്കവിത വായിച്ചു നീങ്ങാനുമാവില്ല.

'' മൃഗങ്ങളുടെ
തൊലിക്കറുപ്പ്  മോഹിപ്പിക്കുന്നൂ....
മനുഷ്യരുടെ
തൊലിക്കറുപ്പിനേ
പദവിയില്ലാതുള്ളൂ..."

എന്ന വരികളിൽ വ്യവസ്ഥിതിയോടുള്ള അവജ്ഞ മുഴുവനുമുണ്ട്. കറുപ്പിൽ ചവിട്ടിനിൽക്കുന്ന ഒരു നിറം മാത്രമായി വെളുപ്പിനെ കാണുകയും

''കറുത്ത മുഖത്തെ
പുരികങ്ങൾക്കും
കൺപീലികൾക്കും
ചുണ്ടിനും
മറ്റൊരു ചന്തമുണ്ട്..."

എന്ന് തിരിച്ചറിയുകയും കറുപ്പിലേ, കറുപ്പിനെ പരതിക്കിട്ടൂ എന്ന് സ്വത്വബോധത്തോടെ വിളിച്ചുപറയുകയും ചെയ്യുന്നവനാണ് ഈ കവി. മലദൈവങ്ങളെയും മൃഗങ്ങളെയും കിളികളെയും ചെറിയ മനുഷ്യരുടെ ജീവിതങ്ങളെയും എഴുത്തിൽ നിന്നും മായ്ച്ച് കളഞ്ഞവർക്കും കറുപ്പിനെയും വെളുപ്പിനെയും വിരുദ്ധ ദ്വന്ദങ്ങളെന്നുറപ്പിക്കുന്നവർക്കും അഭിമുഖം നിന്ന്

''വെളുത്തവൻ
കറുത്തവനെ
സംശയിക്കുന്നു
സവർണ്ണൻ
അവർണ്ണനെ
ഭയക്കുന്നു"

എന്നും 'ഇരുട്ടായിരുന്നു ശരിക്കും വെളിച്ചം, എന്നും കനലു പോലെ ജ്വലിക്കുന്ന വാക്കുകൾ കൊണ്ട് പറയുന്ന ഈ മറുപടിക്കവിതകൾ കവിതയിലെ കറുത്ത വിപ്ലവത്തിന് കുറിക്കപ്പെട്ട പുറപ്പാടു വാക്യങ്ങളാണ്.

സാർവ്വലൗകികതയ്ക്കും ആഗോള മാനവിക സംസ്കൃതിയുടെ മോഹനവാഗ്ദാനങ്ങൾക്കും പിന്നിൽ പ്രാദേശിക തനതുകളെ തന്ത്രപരമായി ചാടിക്കാൻ തക്ക ആഴമുള്ള വാരിക്കുഴികൾ ഒരുക്ക പ്പെട്ടിട്ടുണ്ട് എന്ന തിരിച്ചറിവാണ് ' കുട' എന്ന കവിത.

''ഒറ്റ വർണ്ണക്കുട
ഒറ്റ മനസ്സുള്ള
ആകാശക്കുട "

എന്ന സമത്വസുന്ദര സങ്കൽപ്പം വെറും സ്വപ്നം മാത്രമാണ് എന്ന് അനുഭവം കൊണ്ടറിയുന്നവന്റെ വിങ്ങലാണ്

''കച്ചവടവത്ക്കരിക്കപ്പെട്ട ലോകത്ത്
ഓരോരുത്തർക്കും വെവ്വേറെ
കുടകൾഫാക്ടറി വിലയ്‌ക്ക് കിട്ടും "

എന്ന പരിഹാസവരികളിൽ ഒളിപ്പിക്കുന്നത്.
 

പ്രണയം പ്രമേയമാവുന്ന കവിതകൾ കുറവാണ് എസ്.ജോസഫിന്റെ കാവ്യലോകത്ത്. ഐഡന്റിറ്റി കാർഡ് എന്ന സമാഹാരത്തിലെ അതേ പേരുള്ള കവിതയിലെ പ്രണയിനിയും 'കുട ചൂടി മറഞ്ഞ'വളും ജാതിചിന്തയാൽ നായകനെ പിന്തിരിഞ്ഞു നോക്കാതെ നടന്നുപോയവരാണ്. സമാനമായ പ്രണയാനുഭവമാണ് ചന്ദ്രനോടൊപ്പത്തിലെ 'മഴക്കുളളിലൊരു ഗുഹ' പങ്കുവക്കുന്നത്.
ഇതിലെ നായകൻ വിരൂപനായൊരുവൻ; അവൾ സ്വതന്ത്രയായൊരുവൾ. അതുകൊണ്ടാണ് മഴയ്ക്കുള്ളിലും ഉൾച്ചൂടിന്റെ ഊഷ്മളമായ ഗുഹ തീർക്കുംവിധം തീക്ഷ്ണമെങ്കിലും, അവസാനം  വരെ ഓർത്തിരിക്കും വിധം തീവ്രമെങ്കിലും ആ പ്രണയം ഇരുവഴിപിരിയുമെന്ന് കവി ഉറപ്പിച്ചു പറയുന്നത്.

"ഒളിപ്പിച്ചു വയ്ക്കയാൽ
അവരുടെ പ്രണയം കലാപരം"

എന്നൊരപ്രസ്തുത പ്രശംസ കൂടി കവി നടത്തുന്നുണ്ട്. സാഹിത്യകലയുടെ മൗലിക സൗന്ദര്യം ഒളിപ്പിച്ചു പറയുകയാണെന്ന എഴുത്തിലെ അലിഖിത നിയമത്തോടുള്ള ഗൂഢ പരിഹാസമാണത്. അത്രമേലുൾച്ചേർന്ന ആത്മാംശവുംകാപട്യലേശമില്ലാത്ത ഭാഷയും കവിതയെന്ന് ഓരോ വാക്കിലും അതിസ്വാഭാവികതയോടെ നിറഞ്ഞു പരക്കുന്നുണ്ട് ചന്ദ്രനോടൊപ്പത്തിൽ.

 

ഒന്നിപ്പ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ആശയാവകാശവും ഉത്തരവാദിത്വവും രചയിതാക്കളുടേതു മാത്രമായിരിക്കും.
പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
മറ്റുള്ള എഴുത്തുകൾ
Image